തിരുവനന്തപുരം: പ്രളയക്കെടുതിയിൽനിന്നും കേരളത്തെ കരകയറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വച്ച സാലറി ചലഞ്ച് ഏറ്റെടുത്ത് ഗവർണർ ജസ്റ്റീസ് പി. സദാശിവും ഡിജിപി ലോക്നാഥ് ബെഹ്റയും രംഗത്ത്.
കേരളത്തിന്റെ പുനർനിർമാണത്തിന് ഒരു മാസത്തെ ശന്പളം നൽകുമെന്ന് ജസ്റ്റീസ് പി. സദാശിവം പറഞ്ഞു. ഇന്ന് തന്നെ പണം കൈമാറും. മുഖ്യമന്ത്രിയുടെ ആശയം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന് അർഹമായ സഹായം നൽകുമെന്നു പ്രധാനമന്ത്രി ഉറപ്പ് നൽകി. പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയെന്നും ഇപ്പോൾ കിട്ടിയത് താൽക്കാലിക സഹായം മാത്രമാണെന്നും ഗവർണർ പറഞ്ഞു.
ഒരു മാസത്തെ തന്റെ ശന്പളം ഒരുമിച്ച് നൽകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും അറിയിച്ചു. തന്റെ പല സഹപ്രവർത്തകരും മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ഇതിൽ സന്തോഷമുണ്ടെന്നും മറ്റു സഹപ്രവർത്തകർ കൂടി ഇക്കാര്യത്തിൽ സഹകരിക്കണമെന്നും ഡിജിപി അഭ്യർഥിച്ചു.
ഒരു മാസത്തെ ശന്പളം നൽകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും വ്യക്തമാക്കി. നവ കേരളത്തിനായി മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസത്തെ ശന്പളം നവ കേരള സൃഷ്ടിക്കായി നൽകുമെന്ന് കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷും അറിയിച്ചു. അഞ്ചു മാസം കൊണ്ട് പണം കൈമാറും. മെട്രോ റെയിലിലെ ജീവനക്കാരോടും ചലഞ്ച് ഏറ്റെടുക്കാൻ ആഹ്വാനം ചെയ്യുമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.
മലയാളികൾ ഒരു മാസത്തെ ശന്പളം സംഭാവന നൽകിയാൽ പ്രളയക്കെടുതിയിൽനിന്നു കേരളം കരകയറുമെന്ന് മുഖ്യമന്ത്രി ഞായറാഴ്ചയാണ് വ്യക്തമാക്കിയത്. ശന്പളം ഒന്നിച്ചു നൽകണമെന്നില്ല. ഒരു മാസത്തിലെ മൂന്നു ദിവസത്തെ ശന്പളം എന്ന രീതിയിൽ ഗഡുക്കളായി നൽകിയാൽ മതിയെന്നും എന്നാൽ നവ കേരളം സൃഷ്ടിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് ഗവർണറും ഡിജിപിയും
01:00 PM Aug 27, 2018 | Deepika.com