മുഖ്യമന്ത്രിയും സംഘവും എറണാകുളത്ത്; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

03:15 PM Aug 11, 2018 | Deepika.com
കൊച്ചി: കനത്തമഴയും വെള്ളപ്പൊക്കവും നാശം വിതച്ച എറണാകുളം ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയനും സംഘവുമെത്തി. ആലുവ ചെങ്ങമനാട്ടെയും പുത്തൻവേലിക്കരയിലെയും ദുരിതാശ്വാസ ക്യാമ്പുകളിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും എത്തിയത്. ജനങ്ങ‍ളിൽ നിന്ന് പരാതി സ്വീകരിച്ച മുഖ്യമന്ത്രി പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണാമെന്നു പറഞ്ഞാണ് മടങ്ങിയത്.

അതിനിടെ മുഖ്യമന്ത്രിയെ കാണാനോ തങ്ങളുടെ അവസ്ഥകൾ പറയാനോ സാധിച്ചില്ലെന്ന് ചെങ്ങമനാട്ടെ ക്യാമ്പിലുള്ള ഒരു വിഭാഗം ആളുകൾ പരാതിപ്പെട്ടു. ഇന്ന് രാവിലെ 7.30നാണ് തിരുവനന്തപുരത്തെ വ്യോമസേനാ ആസ്ഥാനത്തു നിന്ന് ഹെലികോപ്റ്ററിൽ മുഖ്യമന്ത്രിയും സംഘവും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി തിരിച്ചത്. ഇടുക്കിയിലേക്കായിരുന്നു ആദ്യ യാത്ര.

എന്നാൽ കാലാവസ്ഥ മോശമായിരുന്നതിനേത്തുടർന്ന് ഹെലികോപ്റ്റർ കട്ടപ്പനയിൽ ഇറക്കാനായില്ല. തുടർന്ന് ഇവിടെ നിന്നും സംഘം വയനാട്ടിലേക്ക് പോവുകയായിരുന്നു. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച സംഘം അവലോകന യോഗത്തിലും പങ്കെടുത്ത ശേഷമാണ് എറണാകുളത്തേക്ക് മടങ്ങിയത്. ഇവിടെ വൈകിട്ട് നാലിന് നടക്കുന്ന അവലോകന യോഗത്തിലും മുഖ്യമന്ത്രിയും പ്രതിക്ഷനേതാവും മറ്റ് സംഘാംഗങ്ങളും പങ്കെടുക്കും.

ഇതിനു ശേഷം ഇടുക്കിയിലെ കാലാവസ്ഥ അനുകൂലമാണെങ്കിൽ എറണാകുളത്തു നിന്ന് വീണ്ടും അങ്ങോട്ടേയ്ക്ക് തിരിക്കുമെന്നാണ് വിവരം.