വയനാട്ടിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം

12:03 PM Aug 11, 2018 | Deepika.com
വയനാട്: കനത്ത മഴ നാശം വിതച്ച വയനാട് ജില്ലയിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വയനാട് കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.ഐ.ഷാനവാസ് എംപിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ സംഘവും വയനാട്ടിൽ നിന്ന് മടങ്ങി.

അവലോകന യോഗത്തിന് മുൻപ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാന്പിൽ സന്ദർശനം നടത്തിയിരുന്നു. പത്തോടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലെ ഹെ​ലി​പ്പാ​ടി​ൽ ഇ​റ​ങ്ങി​യ ശേഷമാണ് മുഖ്യമന്ത്രിയും സംഘവും ഇവിടെയെത്തിയത്. വ​യ​നാ​ടി​ന്‍റെ ചു​മ​ത​ല​യു​ള്ള തു​റ​മു​ഖ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ക​ള​ക്‌ടർ, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി​യ​വ​രും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ലു​മാ​യി 135 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ് വയനാട്ടിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 2,761 കു​ടും​ബ​ങ്ങ​ളി​ൽ​ നി​ന്നാ​യി 10,676 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നാശനഷ്ടം ജില്ലയിലുടനീളം ഉണ്ടായിട്ടുണ്ട്. കാ​ല​വ​ർ​ഷ​ത്തി​ൽ ഇതുവരെ ജി​ല്ല​യി​ൽ 584.22 ഹെ​ക്ട​ർ കൃ​ഷി ന​ശി​ച്ച​താ​യാണ് ജില്ലാ ഭരണകൂടത്തിന്‍റെ കണക്ക്.