റായ്പുർ: ഛത്തിസ്ഗഡ് പോലീസിലേക്കു ഭിന്നലിംഗക്കാരെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു സർക്കാർ നടപടി. ഇത്തരത്തിൽ ഭിന്നലിംഗക്കാർക്ക് അവസരം നൽകുന്ന ആദ്യ സംസ്ഥാനമാണ് ഛത്തിസ്ഗഡെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഭിന്നലിംഗക്കാരുടെ അപേക്ഷകൾ സ്വീകരിക്കുന്നനായി സംസ്ഥാന പോലീസ് റായ്പൂരിൽ വർക്ഷോപ്പുകൾ സംഘടിപ്പിച്ചതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീ, പുരുഷ വിഭാഗക്കാർക്കുള്ള അതേ മാനദണ്ഡങ്ങളാണ് പോലീസിലേക്ക് നിയമനത്തിനായി അപേക്ഷിക്കുന്ന ഭിന്നലിംഗക്കാർക്കും ഏർപ്പെടുത്തിയിട്ടുള്ളത്.
ഭിന്നലിംഗക്കാരെ മൂന്നാം ലിംഗമായി കാണക്കാക്കണമെന്നും മറ്റുള്ളവർക്കു ലഭിക്കുന്ന എല്ലാ മൗലിക അവകാശങ്ങളും ഭിന്നലിംഗക്കാർക്കു നൽകണമെന്നും 2014ൽ സുപ്രീം കോടതി വിധിച്ചിരുന്നു. നേരത്തെ, പ്രിതിക യാഷിനി എന്ന ഭിന്നലിംഗക്കാരി തമിഴ്നാട് പോലീസിൽ നിയമനം നേടിയിരുന്നു. എന്നാൽ ഏറെ നിയമപോരാട്ടങ്ങൾക്കുശേഷമാണ് പ്രിതികയുടെ നിയമനം ഉറച്ചത്.
ഭിന്നലിംഗക്കാർക്കു പോലീസിൽ നിയമനം; ചരിത്രം കുറിക്കാനൊരുങ്ങി ഛത്തിസ്ഗഡ്
10:41 PM May 04, 2018 | Deepika.com