സാന്പത്തിക തട്ടിപ്പ്: പി.സതീശനെതിരേ കേസ്

03:02 PM May 04, 2018 | Deepika.com
കോഴിക്കോട്: മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്‍റെയും പേരിൽ സാന്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആരോപണ വിധേയനായ പി.സതീശനെതിരേ പോലീസ് കേസെടുത്തു. കോഴിക്കോട് കസബ പോലീസ് വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരനാണ് സതീശൻ.

ശ്രിത നിയമനത്തിന്‍റെ പേരിൽ കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഇയാൾക്കെതിരേയുള്ള പരാതി. ആരോപണം ഉന്നയിച്ച സ്ത്രീയുടെ ഭർത്താവ് തദ്ദേശസ്വയംഭരണ വകുപ്പിൽ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം തനിക്ക് ജോലി ശരിയാക്കാം എന്ന് വാഗ്ദാനം ചെയ്താണ് സതീശൻ പണം വാങ്ങിയതെന്നും യുവതി പരാതിപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും പേര് പറഞ്ഞാണ് സതീശൻ തന്‍റെ കൈയിൽ നിന്നും പണം വാങ്ങിച്ചെടുത്തത്. ആദ്യ ഘട്ടത്തിൽ 40,000 രൂപയാണ് നൽകിയത്. പിന്നീട് പലപ്പോഴായി രണ്ടര ലക്ഷം രൂപ കൈമാറി. പണം നൽകിയതിന്‍റെ ബാങ്ക് രേഖകൾ തന്‍റെ കൈവശമുണ്ടെന്നും ജോലി ലഭിക്കുമെന്ന് പറഞ്ഞ് ഇയാൾ പറ്റിക്കുകയായിരുന്നുവെന്നും യുവതി പരാതിപ്പെട്ടു.