മോദി ദളിത് വിരുദ്ധനെന്ന് രാഹുൽ ഗാന്ധി

02:42 PM May 04, 2018 | Deepika.com
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും എൻഡിഎ ഭരണത്തെയും കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയും അദ്ദേഹത്തിന്‍റെ സർക്കാരും ദളിത് വിഭാഗത്തിന് എതിരാണെന്ന് രാഹുൽ ആരോപിച്ചു. ദളിത് വിഭാഗത്തിന്‍റെ ക്ഷേമത്തിനായുള്ള കേന്ദ്രഫണ്ടുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകയിലെ കൽഗിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.

കർണാടകത്തെ കൊള്ളയടിച്ച റെഡ്ഡി സഹോദരന്മാരെ മോദി നിയമസഭയിലേക്ക് അയക്കാൻ ശ്രമിക്കുയാണെന്നു പറഞ്ഞ രാഹുൽ മോദിയുടെ മുദ്രാവാക്യത്തെയും വെറുതെ വിട്ടില്ല. "ബേട്ടി ബചാവോ ബേട്ടി പഠാവോ' എന്നത് "ബേട്ടി ബചാവോ ബിജെപി എംഎൽഎ സെ' എന്നായി മാറിയെന്നായിരുന്നു രാഹുലിന്‍റെ പരിഹാസം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ 10 ദിവസത്തിനുള്ളിൽ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്നും രാഹുൽ പറഞ്ഞു.

കർഷകർക്ക് വാഗ്ദാനപ്പെരുമഴകളുമായി തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക പുറത്തിറക്കിയതിനു പിന്നാലെയാണ് മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ രംഗത്തെത്തിയത്. കർഷകരുടെയും നെയ്ത്തുകാരുടെയും ഒരുലക്ഷം രൂപവരെയുള്ള വായ്പ എഴുതിത്തള്ളുമെന്ന് ബിജെപി പ്രകടന പത്രികയിലും വ്യക്തമാക്കിയിരുന്നു.