കർണാടകയിൽ കർഷകർക്ക് വാഗ്ദാനപ്പെരുമഴയുമായി ബിജെപി പ്രകടനപത്രിക

12:28 PM May 04, 2018 | Deepika.com
ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്.യദ്യൂരപ്പയും കേന്ദ്രമന്ത്രി അനന്ദ് കുമാറും ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തെ കർഷകരും നെയ്ത്തുകാരും സഹകരണ ബാങ്കുകളിൽ നിന്നെടുത്തിട്ടുള്ള ഒരു ലക്ഷം രൂപവരെയുള്ള വായ്പകൾ എഴുതിത്തള്ളുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. അതേസമയം, ദേശസാൽകൃത ബാങ്കുകളിലെ വായ്പകൾ സംബന്ധിച്ച് പ്രകടനപത്രികയിൽ പരാമർശിച്ചിട്ടില്ല.

1,000 കർഷകർക്ക് ഇസ്രയേൽ, ചൈന തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നതിനും പുതിയ കൃഷി രീതികളെക്കുറിച്ച് മനസിലാക്കുന്നതിനും അവസരമൊരുക്കുമെന്നും വാഗ്ദാനമുണ്ട്.സ്ത്രീകൾക്ക് ഒരു ശതമാനം പലിശയിൽ രണ്ടു ലക്ഷം രൂപവരെ വായ്പ നൽകുമെന്നും ലോകായുക്തയ്ക്ക് കൂടുതൽ അധികാരം നൽകുമെന്നും പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ സ്ത്രീ സുരക്ഷ കർശനമാക്കുമെന്നും സ്ത്രീകൾക്കെതിരായി നിലവിലുള്ള കേസുകളും ഇനി വരുന്ന കേസുകളും അന്വേഷിക്കുക വനിതാ പോലീസ് ഓഫീസർമാർ മാത്രമായിരിക്കുമെന്നും പ്രകടപത്രികയിൽ പറയുന്നുണ്ട്. കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ ഉൾപ്പെടെയുള്ളവർ ചടങ്ങിനെത്തിനെത്തിയിരുന്നു.