മഅദനി കേരളത്തിലേക്ക് തിരിച്ചു

10:52 AM May 04, 2018 | Deepika.com
ബംഗളൂരു: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് തിരിച്ചു. റോഡുമാർഗമാണ് യാത്ര. രാവിലെ 10ന് ബംഗളൂരു ബെൻസൺ ടൗണിൽ നിന്നും പുറപ്പെട്ട മഅദനി വൈകിട്ട് കരുനാഗപ്പള്ളിയിൽ എത്തിച്ചേരും. കേരളത്തിലേക്കുള്ള യാത്രക്ക് എൻഐഎ കോടതി അനുവാദം നൽകിയിട്ടും ബംഗളൂരു പോലീസിന്‍റെ സുരക്ഷാ അനുമതി വൈകിച്ചതോടെ വ്യാഴാഴ്ച യാത്ര മുടങ്ങിയിരുന്നു.

കർണാടക തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മഅദനിയ്ക്ക് അകമ്പടി പോകാൻ പോലീസുകാർ ഇല്ലെന്നാണ് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിരുന്നത്. പിന്നീട് സിറ്റി ആംഡ് റിസർവ്(സിഎആർ) പോലീസിന്‍റെ സഹായത്തോടെ സുരക്ഷ ഏർപ്പാടാക്കിയതിനെ തുടർന്നാണ് ഇന്നു കേരളത്തിലേക്ക് മടങ്ങാൻ മഅദനിക്ക് അവസരമൊരുങ്ങിയത്.

മേയ് മൂന്നു മുതൽ 11 വരെ മഅദനിക്ക് കേരളത്തിൽ തങ്ങാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. അർബുദ രോഗിയായ മാതാവിനെ കാണാൻ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മഅദനി അപേക്ഷ നൽകിയിരുന്നത്.