മലിനീകരണതട്ടിപ്പ്: ഫോക്സ്‌വാഗണിന്‍റെ മുൻ മേധാവിക്കെതിരേ അന്വേഷണം

08:42 AM May 04, 2018 | Deepika.com
വാഷിംഗ്ടണ്‍: പ്രമുഖ കാർ നിർമാതാക്കളായ ഫോക്സ്‌വാഗണിന്‍റെ മുൻ മേധാവി മാർട്ടിൻ വിന്‍റർകോണിനെതിരേ യുഎസ് പ്രോസിക്യൂട്ടർമാർ തട്ടിപ്പ് കേസിൽ അന്വേഷണം തുടങ്ങി. ഫോക്സ്വാഗന്‍റെ ഡീസൽ കാറുകളിൽ മലിനീകരണം കുറച്ചു കാണിക്കുന്നതിനുള്ള സോഫ്റ്റ് വെയറുകൾ ഘടിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

മലിനീകരണ തട്ടിപ്പ് വിവാദം ഉയർന്നതിനെത്തുടർന്നാണ് വിന്‍റർകോണ്‍ കന്പനിയുടെ തലപ്പത്തുനിന്ന് രാജിവച്ചത്. തട്ടിപ്പിനെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്നാണ് അന്ന് അദ്ദേഹം വാദിച്ചിരുന്നത്. എന്നാൽ, മാസങ്ങൾക്കു മുൻപു തന്നെ അദ്ദേഹം അതെക്കുറിച്ചു മനസിലാക്കിയിരുന്നു എന്നു സൂചന നൽകുന്ന തെളിവുകൾ പിന്നീട് പുറത്തുവന്നിരുന്നു.