സർക്കാർ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച സംഭവം: രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

03:24 PM May 02, 2018 | Deepika.com
ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ കസൗലയിൽ അനധികൃത ഹോട്ടൽ പൊളിച്ച് നീക്കാനെത്തിയ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇത്തരം സംഭവങ്ങൾ അതീവ ഗൗരവമായെടുക്കേണ്ട കാര്യമാണെന്നും ഉത്തരവിനോടുള്ള ധിക്കാരമാണ് നടന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റീസ് മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിമർശനം നടത്തിയത്. നിങ്ങൾ ജനങ്ങളെ കൊന്നൊടുക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഉത്തരവുകൾ ഞങ്ങൾ നിർത്താമെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

കസൗലിയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. കോടതി ഉത്തരവിനെ തുടർന്ന് അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടൽ കെട്ടിടം പൊളിച്ച് നീക്കാനെത്തിയ സർക്കാർ ഉദ്യോഗസ്ഥയാണ് മരിച്ചത്. കെട്ടിട ഉടമ ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.