നാദാപുരം: നാദാപുരം, വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ നിർമാണത്തിലിരിക്കുന്ന വീടുകളിൽ മോഷണം വ്യാപകമാവുന്നു. ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് മോഷ്ടിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം രാത്രി കല്ലാച്ചി ചീറോത്ത് മുക്കിലെ ചാമക്കാലിൽ ഹാരിസിന്റെ വീട്ടിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക്കൽ വയറിംഗ് ഉപകരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.ഈ മേഖലയിൽ നിന്ന് അടുത്തിടെയായി നാലര ലക്ഷത്തിൽ പരം രൂപയുടെ മോഷണമാണ് നടന്നത്. ഇലക്ട്രിക്കൽ വയറിംഗ് ഉപകരണങ്ങളടക്കം മോഷ്ടിക്കുന്ന സംഘമാണ് പ്രദേശങ്ങളിൽ വിലസുന്നത്. കല്ലാച്ചി സ്വദേശി ഹാരിസിന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് മോഷണം നടന്നതിന് പുറമെ ജാതിയേരിയിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇയ്യങ്കോട് സ്വദേശി മൊട്ടേമ്മൽ നൗഷാദിന്റെ വീട്ടിൽ നിന്ന് എൺപതിനായിരം രൂപയുടെ സാമഗ്രികളാണ് കളവ് പോയത്. ജാതിയേരി കല്ലുമ്മലിൽ ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് പോയത്. ചാലപ്പുറത്ത് ഒരു ലക്ഷം രൂപയുടെ വസ്തുക്കളും മോഷ്ടിക്കപ്പെട്ടു. വയറിംഗ് പ്രവൃത്തികൾ പൂർത്തിയായി വൈദ്യുതി കണക്ഷന് തയാറെടുക്കുമ്പോഴാണ് മോഷണം നടക്കുന്നത്. പരാതിയെ തുടർന്ന് നാദാപുരം, വളയം പോലീസ് അധികൃതർ വീടുകളിലെത്തി പരിശോധനകൾ നടത്തി.
നിർമാണം നടക്കുന്ന വീടുകളിൽ വ്യാപക മോഷണം; പൊറുതി മുട്ടി നാട്ടുകാർ
12:17 AM Jun 05, 2023 | Deepika.com