വടകര: വാക്ക് തർക്കത്തിനിടയിൽ അയൽവാസിയുടെ ചവിട്ടേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ പ്രതിക്കെതിരേ കൊലകുറ്റത്തിന് പോലീസ് കേസെടുത്തു. ആയഞ്ചേരി തറോപ്പൊയിൽ ശശി മുക്കിലെ മലയിൽ വിജേഷ് (32) നെതിരേയാണ് പോലീസ് കേസെടുത്തത്. തറോപ്പൊയിൽ ശശി മുക്കിലെ ചിറാകണ്ടി നാണു (65) ആണ് വിജേഷിന്റെ ചവിട്ടേറ്റ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മൂന്ന് വാരിയെല്ലുകൾക്ക് പൊട്ടലുണ്ടായിട്ടുണ്ട്. വാരിയെല്ലുകൾക്കുണ്ടായ പൊട്ടലാണ്ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലകുറ്റത്തിന് 302 വകുപ്പു പ്രകാരം കേസെടുത്തത്.
പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയാണ് സംഭവം. മരിച്ച നാണുവിന്റെ വീട്ടിലെ കുട്ടികളെ പ്രതി വിജേഷ് കല്ലെറിഞ്ഞത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടയിലാണ് നാണുവിന്റെ നെഞ്ചത്തും വയറിനും ചവിട്ടേറ്റത്. അബോധാവസ്ഥയിലായ നാണുവിനെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വയോധികൻ മരിച്ച സംഭവം: കൊലകുറ്റത്തിനു പോലീസ് കേസെടുത്തു
11:23 PM May 29, 2023 | Deepika.com