കോഴിക്കോട്: പഴയ ലോകക്രമം നഷ്ടമായെന്നും പുതിയ ലോകക്രമം എന്നു രൂപപ്പെടുമെന്നതു സംബന്ധിച്ച അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണെന്നും നയതന്ത്രവിദഗ്ധനും മുന്‍ അംബാസഡറുമായ ടി.പി. ശ്രീനിവാസന്.
കോഴിക്കോട് എന്‍ഐടിയില്‍ രാജ്യാന്തര ബന്ധങ്ങളെ അധികരിച്ചു നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. ഒരു രാജ്യവും ഇന്നത്തെ ആഗോള സാഹചര്യങ്ങളില്‍ സന്തുഷ്ടമല്ലെന്ന് ടി.പി.ശ്രീനിവാസന് പറഞ്ഞു. രാജ്യങ്ങളെല്ലാം മാറ്റം ആഗ്രഹിക്കുന്ന കാലമാണ്. നയതന്ത്രമേഖല സങ്കീര്‍ണമായി തുടരുകയാണ്. അനിശ്ചിതാവസ്ഥയും ആശയക്കുഴപ്പവും നിമിത്തം നയതന്ത്രരംഗത്തുള്പ്പെടെ ഗൗരവതരമായ തീരുമാനങ്ങള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഫോറിന് ലാംഗ്വേജസിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മീഡിയ സ്റ്റഡീസ് കോഴ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
എന്‍ഐടി ഡയറക്ടര്‍ പ്രഫ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. അക്കാഡമിക് സഹകരണത്തിനായി എന്‍ഐടി നേരത്തേ ധാരണാപത്രം ഒപ്പിട്ടിരുന്ന മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (മാഗ്കോം) നുമായി ചേര്‍ന്നാണ് ഇന്റര്‍നാഷണല്‍ മീഡിയ സ്റ്റഡീസ് പിജി ഡിപ്ലോമ ആരംഭിക്കുന്നത്. ജര്‍മന്‍ ടിവി ചീഫ് പ്രൊഡ്യൂസര്‍ (സൗത്ത് ഏഷ്യ) പി.എം. നാരായണന്, മാഗ്കോം ഡയറക്ടര്‍ എ.കെ. അനുരാജ്, സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഫോറിന് ലാംഗ്വേജസ് ചെയര്മാന് ഡോ. എം.കെ. രവിവര്‍മ, സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. പ്രീതി നവനീത്, ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ സിഇഒ ഡോ. എം. പ്രീതി എന്നിവര്‍ പ്രസംഗിച്ചു.
ലോകം വഴിത്തിരിൽ: ടി.പി. ശ്രീനിവാസന്
11:40 PM Mar 29, 2023 | Deepika.com