നാദാപുരം: നാദാപുരം പേരോട് സദാചാര ഗുണ്ട അക്രമ കേസിലെ പ്രധാന പ്രതിപോലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നു. പേരോട് സ്വദേശിയും കേസിലെ പ്രധാന പ്രതിയുമായ യുവാവാണ് ശനിയാഴ്ച്ച രാവിലെ കണ്ണൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കടന്നത്.
ഇതേ തുടർന്നാണ് ഇയാൾ ഉൾപ്പെടെ കേസിൽ പോലീസ് തിരയുന്ന മൂന്ന് പേർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് പേരോട് തട്ടാറത്ത് പള്ളിക്ക് സമീപം വനിത സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ യുവതിയുടെ വീടിന് പരിസരത്തെ ഒരു കൂട്ടം യുവാക്കൾ അക്രമിച്ചത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ കൂത്ത് പറമ്പ് സ്വദേശി വിശാഖ് വിനയൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കേസിൽ പ്രതിയായ പേരോട് സ്വദേശി കിഴക്കെ പറമ്പത്ത് മുഹമ്മദ് സാലി (36) നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അക്രമ സംഭവത്തിൽ പേരറിയാവുന്ന ആറ് പേർക്കെതിരേയും കണ്ടാലറിയാവുന്ന 14 പേർക്കെതിരേയും വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സദാചാര ഗുണ്ട അക്രമം: പ്രധാന പ്രതി രാജ്യം വിട്ടു, മൂന്ന് പ്രതികൾക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്
12:27 AM Mar 27, 2023 | Deepika.com