കോഴിക്കോട്: കക്കൂസ് മാലിന്യമടക്കം നിറഞ്ഞ ആവിക്കല്‍ തോട് നവീകരിക്കുന്നതിന് 5.27കോടിയുടെ പദ്ധതി ഒരുങ്ങി. ഒന്നര കിലോമീറ്ററോളം നീളത്തില്‍ വീതികൂട്ടി ചെളിനീക്കി ഓവുചാല്‍ നിര്‍മിക്കാനുള്ള പദ്ധതി തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചു.
തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എയും ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗം എക്സി. എന്‍ജിനിയര്‍ ജയദീപും സ്ഥലം പരിശോധിച്ച് വിശദമായ പഠനം നടത്തിയാണ് പദ്ധതി സമര്‍പ്പിച്ചത്. ബീച്ച് റോഡില്‍ നിന്നാരംഭിച്ച് ചാലിവയല്‍ ഭാഗത്തുനിന്ന് മൂന്ന് ഭാഗത്തേക്ക് കൈവഴികളായി പിരിയുന്നതരത്തില്‍ ഏകദേശം 1.43 കിലോമീറ്റര്‍ നീളത്തിലാണ് തോട് നവീകരിക്കുക.
തോടിന് വീതികൂട്ടി പാര്ശ്വഭിത്തികെട്ടും. കൈവഴികള്‍ ഡ്രൈയ്നേജുകളായി മാറ്റി സ്ലാബിടും. ആവശ്യമായിടങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ചെരിവുകളും നിര്‍മിക്കും. തുടര്പഠനത്തിനടക്കമാണ് എസ്റ്റിമേറ്റ് തുക. ആവിക്കല്‍ തോട് കടലിനോട് ചേരുന്ന ഭാഗം മണലും മാലിന്യവും നിറഞ്ഞ് അടഞ്ഞുകിടക്കുകയാണ്.
വെസ്റ്റ്ഹില്‍ മുതല്‍ ജോസഫ് റോഡ് വരെയുള്ള പ്രദേശത്തുനിന്ന് ഒഴുകിവരുന്ന വെള്ളവും മാലിന്യവും അടിഞ്ഞുകൂടിയാണ് തോട് മലിനമായത്. ചിലയിടങ്ങളില്‍ കക്കൂസ് മാലിന്യവും തോട്ടിലേക്ക് ഒഴുകിയെത്തി.
ആവിക്കല്‍ തോടിനെ സുന്ദരിയാക്കാന്‍ 5.27കോടി
11:58 PM Mar 15, 2023 | Deepika.com