മുക്കം: മുക്കം ടൗണിൽ നിരന്തരമായി വൈദ്യുതി മുടങ്ങുന്നതു മൂലം വ്യാപാരികൾ വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
ഹോട്ടൽ, പ്രിന്റിംഗ് മേഖല, , നിർമ്മാണ മേഖല എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് മൂലം അനുഭവിക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണന്നും ലക്ഷ കണക്കിന് രൂപയുടെ നഷ്ടമാണ് ഇടക്കിടെ ഉണ്ടായ വൈദ്യുതി മുടക്കം മൂലം ഉണ്ടായിട്ടുള്ളതന്നും വ്യാപാരികൾ പറയുന്നു. ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഇലക്ട്രിക്ക് പോസ്റ്റുകളും ട്രാൻസ്ഫോമറുകളും മാറ്റി സ്ഥാപിക്കാൻ വേണ്ടിയാണ് ലൈൻ ഓഫ് ചെയ്യുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ കരാർ എടുത്ത വ്യക്തിയുടെ പരിചയക്കുറവും തൊഴിലാളികളുടെ എണ്ണത്തിന്റെ കുറവും കൊണ്ടാണ് പ്രവൃത്തി വൈകുന്നത് എന്നും ഇത് പരിഹരിക്കാൻ വേണ്ട ഇടപെടൽ ഉടൻ ഉണ്ടാകണമെന്നും വ്യാപാരികൾ പറഞ്ഞു.
മുക്കം ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ഇബി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് പി. അലി അക്ബർ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് നിസാർ അധ്യക്ഷത വഹിച്ചു. വി.പി. അനീസുദ്ധീൻ , കെ.സി. നൂറുദ്ധീൻ , ഷിംജി വാരിയം കണ്ടി, എം.ടി. അസ്ലം, റൈഹാന നാസർ, ഷമീർ ,വിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
വൈദ്യുതി മുടക്കം പതിവ്; വ്യാപാരികൾ മാർച്ച് നടത്തി
11:50 PM Feb 08, 2023 | Deepika.com