കോഴിക്കോട്: പന്തീരാങ്കാവില്‍ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഫ്ളാറ്റ് നിര്‍മാണ പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞു.
സമീപത്തെ കിണറുകളില്‍ നിര്‍മാണ സ്ഥലത്ത് നിന്നും ഒഴുകിയെത്തിയ ചെളി വെള്ളം നിറഞ്ഞതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം തുടങ്ങിയത്.
സമരം ശക്തമായതോടെ കിണറുകള്‍ വൃത്തിയാക്കി പ്രശ്നം പരിഹരിക്കാമെന്ന് കമ്പനി ഉറപ്പ് നല്കി. ഇതിന് ശേഷമാണ് നാട്ടുകാര്‍ സമരത്തില്‍ നിന്ന് പിന്തിരിഞ്ഞത്. പന്തീരങ്കാവ് ബൈപാസില്‍ ഹൈലൈറ്റ് മാളിനോട് ചേര്‍ന്നാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ വന്‍കിട ഫ്ളാറ്റ് നിര്‍മാണം. പ്രശ്നങ്ങളെല്ലാം പരിഹരിച്ചാകും നിര്‍മാണം നടത്തുകയെന്ന് കമ്പനി ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് പരിസരവാസികളുടെ കിണറുകളില്‍ പാറപ്പൊടിയും ചെളിയും കലര്‍ന്ന വെള്ളം നിറഞ്ഞത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളം വൃത്തിഹീനമായതോടെ പല്ല് തേയ്ക്കാനോ കുളിക്കാനോ മറ്റ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ തങ്ങള്‍ക്ക് സാധിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവിടുത്തെ വീടുകളില്‍ ഭക്ഷണം പാകം ചെയ്യുന്നതും മുടങ്ങി. നാട്ടുകാര്‍ പരാതി ഉന്നയിച്ചിട്ടും ആദ്യഘട്ടത്തില്‍ പരിഹാരമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങിയതെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതിഷേധത്തിനു പിന്നാലെ കമ്പനി അധികൃതര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. കിണറുകളിലെ ചെളിവെള്ളം സ്വന്തം ചെലവില്‍ നീക്കുമെന്നാണ് കമ്പനി പ്രദേശ വാസികള്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. ഇതിനായുള്ള പ്രവൃത്തി തുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധം നിര്‍ത്തുകയും ചെയ്തു. കിണറുകള്‍ മുഴുവന്‍ ശുചീകരിച്ച് നല്‍കുമെന്നും ഇനി ഇത്തരം പ്രശ്നം ഉണ്ടാകില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഫ്ളാറ്റ് നിര്‍മാണം തടഞ്ഞ് നാട്ടുകാര്‍
11:22 PM Feb 06, 2023 | Deepika.com