സ്വന്തം ലേഖകന്‍
കോഴിക്കോട്: കടല്കാണാനെത്തുന്നവരെ ഒരു കാലത്ത് ആകര്‍ഷിച്ചിരുന്ന ബീച്ചിലെ ലയണ്‍സ് പാര്‍ക്ക് അവഗണനയില്‍.
ചപ്പുചവറുകള്‍ നിറഞ്ഞും കളിയുപകരണങ്ങള്‍ക്ക് കേടുപാടു വന്നും നശിച്ചു കൊണ്ടിരിക്കുകയാണ് പാര്‍ക്കിപ്പോള്‍. കോടികള്‍ ചെലവിട്ട് കടപ്പുറം സൗന്ദര്യവത്കരിച്ചെങ്കിലും ലയണ്‍സ് പാര്‍ക്കിനെ അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. പുല്ലും മാലിന്യങ്ങളും നിറഞ്ഞ പാര്‍ക്ക് തെരുവ് നായ്കളുടെയും സാമൂഹിക വിരുദ്ധരുംടെയും താവളമാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.
ചുറ്റിലുമുള്ള ഇരുമ്പില്‍ തീര്‍ത്ത സുരക്ഷാവേലികള്‍ തകര്‍ന്നു കഴിഞ്ഞു. കുട്ടികള്‍ക്കുള്ള കളി ഉപകരണങ്ങള്‍ പരിപാലനമില്ലാതെ ഉപയോഗ ശൂന്യമായി.അപൂര്‍വങ്ങളായ നൂറിലേറെ വൃക്ഷങ്ങള്‍ ഇപ്പോഴും പാര്‍ക്കിലുണ്ട്.
ചെടികളുടെ പേരും ശാസ്ത്രനാമവും സൂചിപ്പിക്കുന്ന ബോര്‍ഡുകളുമെല്ലാം നശിച്ചു. പാര്‍ക്കിനുള്ളിലെ വലിയ ടാങ്കില്‍ പ്ലാസ്റ്റിക്കും കുപ്പികളും നിറഞ്ഞ് കൊതുകു ശല്യം രൂക്ഷമായി.
വെള്ളം കെട്ടി നില്ക്കുന്ന വലിയ ടാങ്കിലേക്ക് കുട്ടികളടക്കം എത്തി നോക്കുന്നതു വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. കോവിഡ് വ്യാപനത്തിനു മുമ്പ് തുറന്നു പ്രവര്‍ത്തിച്ചിരുന്ന പാര്‍ക്ക് പിന്നീട് അടച്ചുപൂട്ടുകയായിരുന്നു.
രാത്രിയിലും പകലുമായി ഡിടിപിസിയുടെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടെങ്കിലും ലയണ്‍സ് പാര്‍ക്ക് വരെയുള്ള ഭാഗം വരെയാണ് ഇവര്‍ക്ക് ചുമതലയുള്ളത്. അതിനാല്‍ രാത്രി കാലങ്ങളില്‍ പാര്‍ക്കില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി വരുകയാണിവിടം.
പാര്‍ക്ക് നവീകരിക്കാന്‍ നടപടികളുമായി കോര്‍പറേഷനും വിനോദ സഞ്ചാര വകുപ്പും ചര്‍ച്ച നടത്തിയിരുന്നു. ഇതനുസരിച്ച് ഇക്കൊല്ലം പാര്‍ക്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതുവരേയും നടപടികളൊന്നുമായിട്ടില്ല.
ബീച്ചിലെ ലയണ്‍സ് പാര്‍ക്ക് ഇന്നും അവഗണനയില്‍
11:22 PM Feb 06, 2023 | Deepika.com