മുക്കം: നിരവധി കുടുംബങ്ങളുടെ ആശ്രയമായ പൊലുകുന്ന് കുടിവെള്ള പദ്ധതി നവീകരിച്ച് ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപയും കൊടിയത്തൂർ പഞ്ചായത്ത് അനുവദിച്ച രണ്ട് ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണം പൂർത്തിയാക്കിയത്.
പ്രദേശത്തെ പ്രധാന പ്രശ്നമായ കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുടെ കിണറിന് സംരക്ഷണ ഭിത്തി കെട്ടി തോട്ടിൽ നിന്ന് വെള്ളം കിണറിൽ കലരുന്നത് ഒഴിവാക്കി നവീകരിച്ചത്.
നേരത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിണറിലെ മാലിന്യം നീക്കം ചെയ്യുകയും ചെയ്തിരുന്നു. നവീകരണ പ്രവൃത്തി പൂർത്തിയായ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. സൂഫിയാൻ നിർവഹിച്ചു.
പഞ്ചായത്തംഗം ബാബു പൊലുകുന്ന് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ സി. ഫസൽ ബാബു, യു.പി. മമ്മദ്, അജ്മൽ പന്നിക്കോട്, അബ്ദു പാറപ്പുറത്ത്, ഹരിദാസൻ പരപ്പിൽ, നീലാണ്ടൻ പരപ്പിൽ, യു.കെ.സി മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
നവീകരണം പൂർത്തിയായി; പൊലുകുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
11:22 PM Feb 05, 2023 | Deepika.com