കോഴിക്കോട്: നഗരത്തിന്റെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായിത്തെരുവ് പരിസരവും മാനാഞ്ചിറയും ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുന്നു. മിഠായിത്തെരുവിന് സമീപമുള്ള എസ്.കെ. പൊറ്റക്കാടിന്റെ പ്രതിമയ്ക്ക് സമീപമുള്ള ഓട്ടോ സ്റ്റാൻഡ് ഇവിടെ നിന്നും മാറ്റിയതോടെയാണ് നഗരം ഗതാഗതക്കുരുക്കിൽ നട്ടം തിരിയുന്നത്.
മിഠായിത്തെരുവിലേക്ക് എത്തുന്ന ആൾക്കാർക്ക് ബുദ്ധിമുട്ടാകുന്നുവെന്ന കാരണത്താലാണ് ഓട്ടോ സ്റ്റാൻഡ് ഇവിടെ നിന്നും സമീപത്തെ വൈക്കം മുഹമ്മദ് ബഷീർ റോഡിലേക്ക് ട്രാഫിക് പോലീസ് മാറ്റിയത്. എന്നാല്‍ ഇതോടെ ഗതാഗത തടസം കൂടുതല്‍ രൂക്ഷമായി. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ വലിയ രീതിയിലുള്ള ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
നേരത്തെ വൈക്കം മുഹമ്മദ് ബഷീർ റോഡിന്റെ വശങ്ങളിൽ ഇരുചക്ര വാഹനങ്ങളായിരുന്നു പാർക്ക് ചെയ്യാറുണ്ടായിരുന്നത്. ഇരുചക്ര വാഹനങ്ങൾ റോഡിന്റെ അരികിലായി നിർത്തിയിടാൻ കഴിയുന്നതിനാൽ തന്നെ ഇവിടെ വലിയ ഗതാഗതക്കുരുക്ക് ഇല്ലായിരുന്നു.
ഇപ്പോൾ ഓട്ടോറിക്ഷകൾ വൈക്കം മുഹമ്മദ് ബഷീർ റോഡിൽ നിർത്തുന്നതോടെ റോഡിന്റെ ചെറുതല്ലാത്ത ഭാഗം ഓട്ടോ പാർക്കിംഗിനായി ഉപയോഗപ്പെടുകയാണ്. ഇത് ഇവിടെയെത്തുന്ന കാൽനടയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും വലിയ തടസമാണുണ്ടാക്കുന്നത്. നേരത്തെ മിഠായിത്തെരുവിലേക്ക് ആളുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധം വിലങ്ങനെ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതായി നിരന്തരം പരാതി ഉയര്‍ന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാഫിക് പോലീസ് പാര്‍ക്കിംഗ് മാറ്റി നിശ്ചയിച്ചത്. മാത്രവുമല്ല മിഠായിത്തെരുവിന് മുന്‍വശത്ത് ഓട്ടോകള്‍ നിര്‍ത്തിയിടുന്നതു കാരണം ബസുകള്‍ക്ക് സ്റ്റോപ്പില്‍ നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. നടുറോഡില്‍ നിര്‍ത്തിയാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് ഓട്ടോ സ്റ്റാൻഡ് മാറ്റാൻ ട്രാഫിക് പോലീസ് തീരുമാനിച്ചത്. എന്നാൽ നേരത്തെ ഒന്‍പത് ഓട്ടോകൾക്ക് മാത്രം നിർത്താൻ അനുമതിയുണ്ടായിരുന്ന സ്റ്റാൻഡ് തൊട്ടടുത്തേക്ക് മാറ്റിയപ്പോൾ നിരവധി ഓട്ടോകളാണ് റോഡ് കൈയ്യേറി വരിവരിയായി നിർത്തിയിടുന്നത്. ബഷീർ റോഡിലേക്ക് ഓട്ടോ സ്റ്റാൻഡ് മാറ്റിയതോടെ ഇവിടെയുള്ള വ്യാപാരികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പൊതുജനങ്ങൾക്ക് തങ്ങളുടെ കടയിലേക്കെത്താനുള്ള വഴികളെല്ലാം കൈയ്യേറിയാണ് ഓട്ടോകൾ പാർക്ക് ചെയ്യുന്നതെന്നാണ് സമീപത്തെ വ്യാപാരികൾ പറയുന്നത്. ട്രാഫിക്കിന്റെ പുതിയ പരിഷ്ക്കാരം തിരുത്തണമെന്ന ആവശ്യവും വ്യാപാരികൾ ഉന്നയിക്കുന്നുണ്ട്.
ഗതാഗതക്കുരുക്കിൽ വീർപ്പ്മുട്ടി മാനാഞ്ചിറ
12:19 AM Jan 26, 2023 | Deepika.com