വെസ്റ്റ്ഹിൽ: സെന്റ് മൈക്കിൾസ് ഡയമണ്ട് ജൂബിലി മെമ്മോറിയൽ 35-മത് സൗത്ത് ഇന്ത്യൻ ഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിൽ ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ ഫ്ലവർ കൊരട്ടിയെ 44-43 എന്ന സ്കോറിന് പരാജയപ്പെടുത്തി ജേതാക്കളായി. ലിറ്റിൽ ഫ്ലവർ കൊരട്ടിയിലെ ദേവിക സുനിൽ ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ചാമത് നവതി മെമ്മോറിയൽ ജൂനിയേഴ്സ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി സെന്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി (55-9). സെന്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വൈഗ ടൂർണമെന്റിലെ മികച്ചതാരമായി തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ കോമ്പൗണ്ടിൽ സമാപന സമ്മേളനം കോഴിക്കോട് കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ യു.കെ. കുമാരൻ മുഖ്യാതിഥിയായി.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനി എം. കുര്യൻ, മാനേജർ സിസ്റ്റർ ലില്ലിസ്, പിടിഎ പ്രസിഡന്റ് പ്രമോദ് മോവനാരി, എം. അരവിന്ദാക്ഷൻ, ദാമോദരൻ, കോഴിക്കോട് ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ജോൺസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.
പ്രൊവിഡൻസും, സെന്റ് മൈക്കിൾസും ജേതാക്കളായി
01:04 AM Jan 24, 2023 | Deepika.com