കാരശേരി: ആശയപരമായി എതിർ പക്ഷത്തുനിൽക്കുന്നവരോടും വ്യക്തിപരമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന പൊതുപ്രവർത്തനാണ് എൻ.കെ. അബ്ദുറഹിമാനെന്ന് മുൻ മന്ത്രി സി.കെ. നാണു പറഞ്ഞു. കോൺഗ്രസ് നേതാവും പ്രമുഖ സഹകാരിയുമായ എൻ.കെ. അബ്ദുറഹിമാന്റെ 57 വർഷം പിന്നിടുന്ന പൊതു പ്രവർത്തനത്തെപ്പറ്റിയുള്ള "എൻകെ പിന്നിട്ട 57 വർഷം' എന്ന പുസ്തകത്തെപ്പറ്റി നടത്തിയ ചർച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്ദുറഹിമാന്റെ സംഭാവനകൾ വിലയിരുത്തുന്ന പുസ്തകം മലബാറിന്റെ സമഗ്രമായ രാഷ്ട്രീയ ചരിത്രം കൂടിയാണ്. പുസ്തകം സമൂഹത്തിനു വേണ്ടി ദീർഘകാലം സേവനം ചെയ്യുന്നവരെ ആദരിക്കുന്നതിന് ഉത്തമ മാതൃകയാണ്.
ഈ നല്ല പ്രവൃത്തി ഏറ്റെടുത്തവരെ അദ്ദേഹം അഭിനന്ദിച്ചു.കാരശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത അധ്യക്ഷയായി.
അഗ്രോ കോർപറേഷൻ ചെയർമാൻ വി. കുഞ്ഞാലി, ഡിസിസി ജന. സെക്രട്ടറി ബാബു പൈക്കാട്ട്, കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം, സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി.കെ. കണ്ണൻ, ജയിംസ് ജോഷി, ശംസുദീൻ ചെറുവാടി, സമാൻ ചാലൂളി, സൂപ്പി മുണ്ടയോട്ട്, എം. സുകുമാരൻ, പി.എം. ഹബീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
എൻ.കെ. അബ്ദുറഹിമാൻ എതിരാളികളോടും സൗഹൃദം സൂക്ഷിക്കുന്ന നേതാവ്: സി.കെ. നാണു
12:16 AM Dec 10, 2022 | Deepika.com