മുക്കം: നഗരസഭയിലെ മണാശേരി അങ്ങാടിയിൽ തെരുവുനായ ശല്യം രൂക്ഷം. ഒരാഴ്ചയ്ക്കിടെ അഞ്ച് പേർക്കാണ് അങ്ങാടിയിൽ വച്ച് തെരുവ് നായ്ക്കളുടെ കടിയേറ്റത്. ഇന്നലെയും ഒരാളെ കടിച്ച് പരുക്കേൽപ്പിച്ചു. മണാശേരി മുതുകുറ്റി രാജനാണ് പരുക്കേറ്റത്. ഇരു കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ രാജനെ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരുന്നില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയായിരുന്നു. വാഹനം പാർക്ക് ചെയ്ത് നടന്നു വരുന്നതിനിടെയാണ് രാജനെ തെരുവുനായ ആക്രമിച്ചത്.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ റോഡിലൂടെ കടന്നു പോകുന്ന സമയത്താണ് ഇന്നലെ രാവിലെ തെരുവുനായ അക്രമണം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. മണാശേരി അങ്ങാടിയിലെ തെരുവുനായ ആക്രമണത്തിന് അധികാരികൾ ഇടപെട്ട് അടിയന്തിരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തെരുവുനായ ശല്യം രൂക്ഷം; ഒരാഴ്ചയ്ക്കിടെ കടിയേറ്റത് അഞ്ച് പേർക്ക്
01:14 AM Dec 08, 2022 | Deepika.com