മലപുറം-തലയാട് റോഡ് നിര്‍മാണം അനിശ്ചിതത്തിൽ
01:14 AM Dec 08, 2022 | Deepika.com
താമരശേരി: ഏറെ പ്രാധാന്യതോടെ വാര്‍ത്തകളില്‍ ഇടം പിടിച്ച മലയോര ഹൈവേയില്പ്പെട്ട മലപുറം തലയാട് റോഡിന്റെ നിര്‍മാണം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആരംഭിച്ചിട്ടില്ല. എന്നു പണി ആരംഭിക്കുമെന്നോ നിലവിലെ സാഹചര്യങ്ങള്‍ എന്താണെന്നോ അന്വേഷിച്ചാല്‍ കൃത്യമായ മറുപടി പറയാന്‍ അധികൃതര്‍ക്ക് സാധിക്കുന്നുമില്ല.കട്ടിപ്പാറ, പുതുപ്പാടി,പനങ്ങാട് പഞ്ചായത്തുകളില്‍ കൂടി കടന്നുപോകുന്ന നിര്‍ദ്ദിഷ്ട മലയോര ഹൈവേയില്‍ ഉള്‍പ്പെട്ട ഒരു റീച്ച് മലപുറം തലയാട് റോഡില്‍ പത്തു കിലോമീറ്റര്‍ ഭാഗമാണ്. ചമല്‍ കട്ടിപ്പാറ തലയാട് പ്രദേശങ്ങളിലെ വികസനം ഈ റോഡിനെ ആശ്രയിച്ചാണ്. നിലവില്‍ ഈ റോഡ് പല ഭാഗത്തും പൊട്ടിപ്പൊളിഞ്ഞ് വളരെ ശോചനീയമായ അവസ്ഥയിലുമാണ്. വാഹനങ്ങള്‍ക്ക് സൈഡ് കൊടുത്ത് സുഗമമായി കടന്നു പോകാന്‍ പറ്റാത്ത സ്ഥിതിയിലുമാണിള്ളത്. ടെന്‍ഡര്‍ കഴിഞ്ഞിട്ട് ഏറെക്കാലമായെങ്കിലും ഉത്തരവാദപ്പെട്ടവര്‍ മൗനം പാലിക്കുകയാണ്. സാധാരണ നടത്തുന്ന അറ്റകുറ്റ പണികള്‍ പോലും മുടങ്ങിയിരിക്കുന്നു. റോഡ് പണി നടക്കുമോ എന്നു പോലും നാട്ടുകാര്‍ സംശയിക്കുന്നു. മലയോര ഹൈവേ നിര്‍മാണ അനുമതിയിലെ അപാകതകള്‍ പരിഹരിച്ച് ഉടന്‍ നിര്‍മാണം അരംഭിക്കണമെന്നും ചമല്‍ ഫാര്‍മേഴ്സ് ക്ലബ് നേതൃയോഗം ആവശ്യപ്പെട്ടു. ക്ലബ് പ്രസിഡന്റ് സി.യു.ജോണ്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ ബിജു കണ്ണന്തറ, ട്രഷറര്‍ ബേബി കുടിയിരിക്കല്‍, കെ.വി.സെബാസ്റ്റ്യന്‍, ബാബു മാപ്പിളശേരി, തങ്കച്ചന് മുരിങ്ങാകുടിയില്, ബാബു കണ്ണന്തറ, ബിജു ഓരില്‍, ഷാജു കണ്ണന്തറ, ടോം മുളവേലികുന്നേല്, എന്നിവര്‍ പ്രസംഗിച്ചു.