യുവാവിനെ സഹായിക്കാന്‍ കലവറയൊരുക്കി എന്‍എസ്എസ്
12:27 AM Dec 01, 2022 | Deepika.com
വടകര: റവന്യു ജില്ലാ കലോത്സവത്തിന്റെ വേദിയായ എംയുഎം വിഎച്ച്എസ് സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയ ഭക്ഷണശാല മനുഷ്യസ്നേഹത്തിന്റെ കഥ പറയുന്നു. മുകച്ചേരിയിലെ നിര്‍ധന യുവാവിന് ഉപജീവനം കണ്ടെത്തുന്നതിനു സഹായിക്കാനാണ് കലവറ എന്ന പേരില്‍ എന്‍എസ്എസ് ഭക്ഷണശാല ആരംഭിച്ചത്. കലോത്സവത്തിന് എത്തുന്നവരെ ലക്ഷ്യമിട്ട് തുടങ്ങിയ കലവറയില്‍ സമൂസ, ഉന്നക്കായ, കടുക്ക പൊരിച്ചത്, മുട്ട പൊരിച്ചത്, ചായ, വ്യത്യസ്തങ്ങളായ ജ്യൂസ്, ഐസ്ക്രീം തുടങ്ങിയ വിഭവങ്ങളുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള ഈ ഭക്ഷണശാലയില്‍ സാധനങ്ങള്‍ക്കു മിതമായ നിരക്കേയുള്ളൂ. മൂന്നു ലക്ഷം രൂപയോളം വേണ്ട സഹായ പദ്ധതിക്കാണ് കലവറയിലൂടെ തുടക്കം കുറിച്ചത്. ഹെഡ്മാസ്റ്റര് അഷ്റഫ് കിഴക്കയില്‍ കലവറയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതിലൂടെ ലഭിക്കുന്ന മുഴുവന്‍ ലാഭവിഹിതവും ഉപജീവനം പദ്ധതിക്കായി ഉപയോഗിക്കുമെന്ന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.പി.ഹംസ, വളണ്ടിയര്‍ ലീഡര്‍മാരായ ഉമര്‍, സെല്‍വ, സാബിത്ത്, നയന എന്നിവര്‍ പറഞ്ഞു.