ചക്കിട്ടപാറ: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതും നവീകരണ പ്രവൃത്തി നടത്തിവരുന്നതുമായ കടിയങ്ങാട് - പൂഴിത്തോട് റോഡിന്റെ ചെമ്പനോട മേഖലയിലെ പ്രവൃത്തിയിലുള്ള അപാകതയിൽ പ്രതിഷേധിച്ച് ചെമ്പനോട താഴെ അങ്ങാടിയിൽ റോഡ് പ്രവൃത്തി നാട്ടുകാർ തടഞ്ഞു.
റോഡിന് നിലവിലുള്ള വീതി ചില ഭാഗങ്ങളിൽ ഒഴിവാക്കുകയും റോഡിന് ആവശ്യമുള്ള സ്ഥലങ്ങളിൽ ഓവുചാൽ നിർമിക്കാത്തതിനെതിരേയുമാണ് നാട്ടിൽ ആക്ഷേപം ഉയർന്നത്. തുടർന്ന് പഞ്ചായത്ത് അംഗം കെ.എ. ജോസുകുട്ടിയുടെ നേതൃത്വത്തിൽ പിഡബ്ല്യൂഡി അധികൃതരും കോൺട്രാക്ടർ പ്രതിനിധികളും നാട്ടുകാരും ചേർന്ന് നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. റോഡിന് ഇപ്പോൾ നിർമിച്ച ഓവുചാൽ പൊളിച്ച് നീക്കി നിർമിക്കുവാനും ഓവുചാൽ ആവശ്യമുള്ള സ്ഥലങ്ങളിൽ ഓവുചാൽ നിർമിക്കുവാനും ധാരണയായി. നാട്ടുകാരായ ജീമോൻ സ്രാമ്പിക്കൽ, ഷാജു വിലങ്ങുപാറ, ടോമി വള്ളിക്കാട്ടിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
കടിയങ്ങാട്-പൂഴിത്തോട് റോഡ് പ്രവൃത്തിയിലെ അപാകത; ചെമ്പനോടയിൽ നാട്ടുകാർ തടഞ്ഞു
12:04 AM Oct 08, 2022 | Deepika.com