കോഴിക്കോട് : ഒരു തരി മണ്ണും വിട്ടുതരില്ല എന്ന മുദ്രാവാക്യമുയര്‍ത്തി കോഴിക്കോട് ജില്ല കെ.റെയില്‍ വിരുദ്ധ ജനകീയ സമിതി നാളെ കിടപ്പാട സംരക്ഷണ ജാഥ സംഘടിപ്പിക്കുന്നു. ശനിയാഴ്ച ഫറോക്കില്‍ നിന്നും അഴിയൂരില്‍ നിന്നും കാലത്ത് 9.30 ന് ആരംഭിക്കുന്ന ജാഥകള്‍ വൈകിട്ട് 4 മണിക്ക് കാട്ടിലപ്പീടിക സത്യഗ്രഹ സമര വേദിയില്‍ സമാപിക്കും. സമാപന സമ്മേളനം നാഷനല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്റ് അഖിലേന്ത്യാ കോഓര്‍ഡിനേറ്റര്‍ മീര സംഗമിത്ര ഉദ്ഘാടനം ചെയ്യും.
തെക്കന്‍ മേഖലാ ജാഥ ഫറോക്കില്‍ കാലത്ത് 9.30 ന് മുനിസിപ്പല്‍ ചെയര്മാന് എന്‍.സി. റസാക്ക് ഉദ്ഘാടനം ചെയ്യും. ജില്ലാ കെ റെയില്‍ വിരുദ്ധ ജനകീയ സമിതി ചെയര്മാന് ടി.ടി.ഇസ്മായില്‍ ക്യാപ്റ്റനും നസീര്‍ ന്യൂ ജെല്ല മാനേജറുമാണ്. ഷീജ ആലുക്കല്‍ , കൃഷ്ണകുമാര്‍ , പി.എസ്.സലീശ് എന്നിവര്‍ കോഓര്ഡിനേറ്റര്മാരാകും.
വടക്കന്‍ മേഖലാ ജാഥ അഴിയൂരില്‍ കാലത്ത് 8.30 ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടരി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ കെ. റെയില്‍ വിരുദ്ധ ജനകീയ സമിതി ജനറല്‍ കണ്‍വീനര്‍ രാമചന്ദ്രന് വരപ്രത്ത് ക്യാപ്റ്റനും ടി.സി. രാമചന്ദ്രന് മാനേജരുമാവും. മുഹമ്മദാലി മുതുകുനി, നിജിന്‍ മാസ്റ്റര്‍, കെ.എസ് ഗോപാലകൃഷ്ണന് എന്നിവരാണ് കോഓര്‍ഡിനേറ്റര്‍മാര്‍. ഇരകളുടെ വീടുകളില്‍ നിന്നും സംഭരിച്ച മണ്ണ്ശേഖരിച്ചു കൊണ്ടാണ് രണ്ട് ജാഥകളും സമര ഭൂവിലെത്തുക. സമരപ്പന്തലിനരികെ പ്രതീകാത്മകമായി മണ്‍കൂടില്‍ പണിയും.
കിടപ്പാട സംരക്ഷണ ജാഥ നാളെ
12:27 AM Oct 07, 2022 | Deepika.com