കൂരാച്ചുണ്ട്: പഞ്ചായത്ത് പതിനൊന്നാം വാർഡിൽ 2018-ൽ നിർമാണ പ്രവൃത്തി ആരംഭിച്ച നമ്പികുളം ഇക്കോ ടൂറിസം പദ്ധതിയുടെ ഇഴഞ്ഞു നീങ്ങുന്ന പ്രവൃത്തി പൂർത്തീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഎം കൂരാച്ചുണ്ട് അറുപത്തെട്ടാം ബൂത്ത് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പദ്ധതി ആരംഭിക്കാൻ പ്രദേശവാസികൾ 2.56 ഏക്കർ സ്ഥലം സൗജന്യമായി വിട്ടു നൽകിയതാണ്. ഇതിനായി 1.5 കോടി രൂപ സർക്കാർ അനുവദിച്ച് 2018-ൽ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും നടത്തിയിരുന്നു.
2019 ൽ നിർമാണം പൂർത്തീകരിക്കുമെന്ന് പദ്ധതി ഏറ്റെടുത്ത് നടത്തുന്ന കരാർ കമ്പനി ഉറപ്പു നൽകിയിരുന്നു. എന്നാൽ നാലു വർഷം പിന്നിട്ടിട്ടും പകുതി പോലും പൂർത്തീകരിച്ചില്ലെന്നും പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്ന നിലയിലുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പദ്ധതി അടിയന്തരമായി പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു. ബൂത്ത് കമ്മിറ്റി അംഗങ്ങളായ സോണി തോമസ് പുന്നമറ്റം അധ്യക്ഷത വഹിച്ചു.
ലോക്കൽ കമ്മിറ്റിയംഗം പി.എം. തോമസ്, ബിജു കുന്നത്ത്, ബിനോജ് എരപ്പാൻതോട്, ബാബു കുറ്റ്യാനി, വി.കെ. രാജു, ടി.ജെ. പൗലോസ് എന്നിവർ പ്രസംഗിച്ചു.
നമ്പികുളം ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരിക്കാൻ നടപടി വേണം
11:54 PM Oct 01, 2022 | Deepika.com