പേരാമ്പ്ര: ഫാസിസവും വർഗീയതയും വളർച്ച പ്രാപിച്ചത് ഗാന്ധിയൻ ദർശനങ്ങളിൽ നിന്ന് ചിന്താധാര അകന്നു പോയതു കൊണ്ടാണെന്നും ഗാന്ധിജി എന്നും കർഷകർക്കു വേണ്ടിയും രാജ്യത്തെ അധസ്ഥിതർക്കും വേണ്ടിയുമാണ് നിലകൊണ്ടതെന്ന് എൽജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ പറഞ്ഞു.
എൽജെഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന മുതുകാട്, കൂത്താളി സമര വാർഷികാചരണത്തിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ കാഴ്ചപ്പാടു തന്നെയാണ് സോഷ്യലിസ്റ്റുകൾക്ക്. മാർഗ ദർശകമായതും സ്വാതന്ത്ര്യത്തിനു ശേഷം വന്ന എല്ലാ കർഷക സമരങ്ങൾക്കും സോഷ്യലിസ്റ്റുകൾ നേതൃത്വപരമായ പങ്കു വഹിച്ചു.
1954 മുതുകാട് കർഷക കുടിയിറക്ക് സമരവും1972 ലെ കൂത്താളി തരിശുഭൂമി സമരവും സോഷ്യലിസ്റ്റുകളുടെ നേതൃത്വത്തിൽ നടന്ന ദേശീയ കർഷക മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നുവെന്നും മനയത്ത് ചന്ദ്രൻ പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. വൽസൻ മുഖ്യപ്രഭാഷണം നടത്തി.
ജനറൽ കൺവീനർ സി.ഡി. പ്രകാശ്, ജെ.എൻ. പ്രേം ഭാസിൻ, സി. സുജിത്, കെ.ജി രാമനാരായണൻ, ബിജു പൊന്നംകണ്ടി, ബിജു സി. എരവട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.
ഗാന്ധിജി നിലകൊണ്ടത് രാജ്യത്തെ കർഷകർക്കു വേണ്ടി: മനയത്ത് ചന്ദ്രൻ
11:46 PM Sep 28, 2022 | Deepika.com