ചക്കിട്ടപാറ: സുപ്രീം കോടതിയുടെ ബഫർ സോൺ വീധി വന്നതിന് ശേഷം സർക്കാർ കൊടുത്ത റിവ്യൂ പെറ്റീഷനിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ മലയോര ജനത അനുഭവിക്കേണ്ടിവരുന്ന ദുരിതം വലുതായിരിക്കുമെന്നും പൊതുജനങ്ങളെ കബളിപ്പിക്കുന്ന നിഷ്ക്രിയത്വം ജനങ്ങൾ മനസിലാക്കി കഴിഞ്ഞെന്നും ഇന്നലെ ചക്കിട്ടപാറയിൽ ചേർന്ന കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ മേഖലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു.
ജനജീവിതത്തേയും കർഷകരെയും ദുരിതത്തിലാക്കുന്ന ബഫർ സോൺ പ്രഖ്യാപനം ബന്ധപ്പെട്ട വിധികൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന ആഘാതം വലുതാണെന്നും ബഫർ സോൺ ജനവാസ മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നും, ഇതിനായി കർഷക ഗ്രാമസഭ വിളിച്ചു ചേർക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെടാനും കൺവെൻഷൻ തീരുമാനിച്ചു. മേഖലാ ചെയർമാൻ ഫാ. മിൽട്ടൺ മുളങ്ങാശേരി ഉദ്ഘാടനം ചെയ്തു.മേഖല കൺവീനർ ബാബു കൂനംതടം അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ബോണി ജേക്കബ് ആനത്താനം, വിവിധ യൂണിറ്റ് ഭാരവാഹികളായ ജോൺസൺ തോമസ് പൂകമല, ജിജോ വട്ടോത്ത്, ഷാജു മാളിയേക്കൽ, ബേബി വട്ടോട്ടുതറപ്പേൽ, ഡി.ജോസഫ്, ഷാജു വിലങ്ങുപാറ, ബാബു പുതുപറമ്പിൽ, സെമിലി അറയ്ക്കപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
കർഷക അതിജീവന സംയുക്ത സമിതി മേഖലാ കൺവൻഷൻ
12:04 AM Sep 24, 2022 | Deepika.com