കൂരാച്ചുണ്ട് :നാളീകേര വിലത്തകർച്ചമൂലം ജീവിതം പ്രതിസന്ധിയിലായ കർഷകര സഹായിക്കേണ്ട സംസ്ഥാന സർക്കാർ അന്യസംസ്ഥാന വെളിച്ചെണ്ണ ലോബികളെ സഹായിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐപ്പ് വടക്കേത്തടം ആരോപിച്ചു.
ഒരു കിലോ നാളീകേരത്തിന് 35 രൂപ ഉല്പാദനച്ചെലവ് വരുമ്പോൾ, കേവലം 32 രൂപ മാത്രം തറവില നിശ്ചയിച്ച് നാമമാത്രമായി സംഭരണം നടത്തി കേരകർഷകരെ വഞ്ചിക്കുകയാണ് ഈ സർക്കാർ.
സംഭരണം ആരംഭിക്കുമ്പോൾ പൊതുവിപണിയിൽ 30 രൂപ ഉണ്ടായിരുന്ന ഒരു കിലോഗ്രാം നാളീകേരത്തിന് 23 രൂപയായി കുത്തനെ കുറഞ്ഞിട്ടും കർഷകരെ സഹായിക്കുന്നതിനായി സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. എല്ലാ പഞ്ചായത്തുകളിലും നാളീകേരത്തിന് 60 രൂപ തറവില നിശ്ചയിച്ച് നാളീകേര സംഭരണം ആരംഭിക്കാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം. രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റാൻ അഹോരാത്രം പ്രയത്നിക്കുന്ന കർഷക ജനതയെ അവഗണിച്ച് കോർപറേറ്റുകൾക്ക് ദാസ്യവേല ചെയ്യുകയാണ് നരേന്ദ്ര മോദി സർക്കാർ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വൻകിട വ്യവസായികളെ പ്രീണിപ്പിക്കുന്ന നിലപാടുകൾ തിരുത്തി, കാർഷികോൽപ്പന്നങ്ങൾക്ക് ചെലവിന്റെ രണ്ടിരട്ടി താങ്ങുവില ലഭ്യമാക്കാനാവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ഐപ്പ് വടക്കേത്തടം ആവശ്യപ്പെട്ടു.
സർക്കാർ അന്യസംസ്ഥാന വെളിച്ചെണ്ണ ലോബികളെ സഹായിക്കുന്നു: കർഷക കോൺഗ്രസ്
11:57 PM Sep 21, 2022 | Deepika.com