കൂരാച്ചുണ്ട്: ഹരിത കർമ്മസേന മുഖേന പഞ്ചായത്തിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനായി ഹരിത കർമ്മ സേന അംഗങ്ങൾ വാതിൽപ്പടി സേവനത്തിനായി വരുമ്പോൾ പ്രതിമാസം നൽകുന്ന യൂസർ ഫീയായ 50 രൂപ നൽകാത്തതിനെതിരേ പഞ്ചായത്ത് സെക്രട്ടറിയുടെ നിയമ നടപടിയ്ക്കുള്ള നോട്ടീസ്.
പഞ്ചായത്ത് രണ്ടാം വാർഡ് താമസിക്കുന്ന കൊല്ലിയിൽ ഖാലീദിനാണ് പ്രോസിക്യൂഷൻ നടപടി ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് കാണിച്ച് പഞ്ചായത്ത് രേഖാമൂലം നോട്ടീസ് നൽകിയത്. എന്നാൽ കഴിഞ്ഞ ജൂലൈ മാസത്തിൽ വീട്ടിൽ ഹരിത കർമ്മ സേനാംഗങ്ങൾ പാഴ് വസ്തുക്കൾ ശേഖരിക്കാൻ വരുമ്പോൾ ആരുമില്ലാതിരുന്നതാണ് ഫീസ് നൽകാൻ കഴിയാതെ വന്നതെന്നും പിന്നീട് തുടർന്നുള്ള രണ്ട് മാസങ്ങളിലും ഇവർ ശേഖരിക്കാൻ വന്നപ്പോൾ ഫീസ് നൽകിയതായും പറയുന്നു.
ജൂലൈ മാസത്തെ ഫീസ് നൽകാനുള്ള കാര്യത്തെ കുറിച്ച് സൂചിപ്പിച്ചില്ലെന്നും ഇതിന് പിന്നാലെയാണ് 50 രൂപയും പിഴയായ 25 രൂപയടക്കം 75 രൂപ പഞ്ചായത്തിൽ അടയ്ക്കേണ്ടതാണെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചതെന്നും പറയുന്നു. എന്നാൽ ഈ വിഷയത്തിൽ നിയമ നടപടി സ്വീകരിക്കാൻ ഭരണ സമിതി തീരുമാനിച്ചിട്ടില്ലെന്നും ഫീസ് നൽകാത്തവരുടെ ലിസ്റ്റ് തയാറാക്കി അവരെ ബന്ധപ്പെടാൻ വാർഡ് അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അറിയിച്ചു.
ഹരിത കർമ്മ സേനയ്ക്ക് ഒരു മാസത്തെ യൂസർ ഫീ നൽകിയില്ല; നിയമ നടപടിക്കായി നോട്ടീസ്
11:52 PM Sep 20, 2022 | Deepika.com