കൊല്ലം: ഈ വര്‍ഷത്തെ(2018) പ്രകൃതിക്ഷോഭത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ടവരുടെ ബ്ലോക്ക്തല യോഗങ്ങള്‍ 19ന് നടക്കും. വാസയോഗ്യമല്ലാത്ത വീടുകളുടെ പുനര്‍നിര്‍മാണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് യോഗം നടത്തുന്നത്.
സര്‍ക്കാര്‍ അനുവദിച്ച നാലു ലക്ഷം രൂപ ഉപയോഗിച്ച് വീട് നിര്‍മാണം പൂര്ത്തിയാക്കിക്കൊളളാമെന്ന് രേഖാമൂലം അറിയിച്ച് ആദ്യഗഡു കൈപ്പറ്റിയവരും യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലാ കലക്ടറുടെ പ്രതിനിധി, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷന്‍, സെക്രട്ടറി, എഞ്ചിനീയര്‍, നിര്‍മാണ പ്രവൃത്തി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുളള നിര്‍മാണ ഏജന്‍സികള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങളുടെ പ്രദേശിക പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
വീട് നിര്‍മാണ മാര്‍ഗങ്ങളെക്കുറിച്ച് ഗുണഭോക്താക്കള്‍ക്ക് വിവരം നല്‍കുകയും ഏതു മാര്‍ഗം സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് യോഗത്തിന്റെ ലക്ഷ്യം. ഗുണഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കും.
വീടുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക്/മുനിസിപ്പല്‍ തലത്തില്‍ ഏകോപിപ്പിക്കുന്നതിന് സുരക്ഷിത കൂടൊരുക്കും കേരളം എന്ന പേരില്‍ ഭവന നിര്‍മാണ സഹായ കേന്ദ്രം ഈ മാസം മുതല്‍ ആറു മാസത്തേക്ക് അതത് ബ്ലോക്ക്/ മുനിസിപ്പല്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കും.
പ്രകൃതിക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ യോഗം 19ന്
11:20 PM Nov 16, 2018 | Deepika.com