കരുനാഗപ്പള്ളി : പോലീസ് സേനാംഗങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി സ്പർശം പദ്ധതി ശ്രദ്ധേയമാകുന്നു. ഏറെ മാനസിക സമ്മർദവും പിരിമുറുക്കവും നേരിടുന്ന തൊഴിൽ മേഖലയാണ് പോലീസിന്റേത്. തിരക്കേറിയ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ജീവിത ശൈലീ രോഗങ്ങൾക്കടിപ്പെട്ടുണ്ടാകുന്ന മരണങ്ങൾ ജില്ലയിലെ സേനാംഗങ്ങൾക്കിടയിൽ ഗൗരവമായി മാറുന്ന കാലത്താണ് കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലംസിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തൽ സമഗ്ര ആരോഗ്യപരിപാലന പദ്ധതിക്ക് രൂപം നൽകിയത്.
ലിവർ ഫംഗ്ഷൻ ടെസ്റ്റ്, ഷുഗർ, ക്രിയാറ്റിൻ, കൊളസ്ട്രോൾ, ബ്ലഡ് പ്ലഷർ, ആർബി എസ് തുടങ്ങിയ ടെസ്റ്റുകൾ പൂർണമായും സൗജന്യമായി ചെയ്ത് മെഡിക്കൽ ഹിസ്റ്ററി ഷീറ്റിൽ രേഖപ്പെടുത്തി വാർഷിക ചെക്കപ്പ്, തുടർ ചികിത്സ എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആരോഗ്യവകുപ്പിന്റെ യും ജില്ലയിലെ പ്രശസ്തമായ ആശുപത്രികളുടെയും സഹകരണത്തോടെ മൂന്ന് കേന്ദ്രങ്ങളിലാണ് സ്പർശം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ ജനമൈത്രി ഹാളിൽ നടന്ന മെഡിക്കൽ ക്യാമ്പ് ജില്ലാ പോലീസ് മേധാവി പി കെ മധു ഉദ്ഘാടനം ചെയ്തു.
കരുനാഗപ്പള്ളി എസിപി ബി.വിനോദ് മുഖ്യപ്രഭാഷണം നടത്തി. കെപിഒഎ സംസ്ഥാന കമ്മിറ്റി അംഗം ആർ.ഷാബു അധ്യക്ഷത വഹിച്ചു. ചവറ ഇൻസ്പെക്ടർ ചന്ദ്രദാസ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഗീതാമണി, ജെ തമ്പാൻ, പി ലിജു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി.കരുനാഗപ്പള്ളി കൂടാതെ കൊല്ലം എആർ ക്യാമ്പ്, ചാത്തന്നൂർ എന്നിവിടങ്ങളിലുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സ്പർശം പദ്ധതി: മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
11:37 PM Oct 31, 2018 | Deepika.com