കൊല്ലം: ശബരിമല വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. യുഡിഎഫ് കൊല്ലം ക്യുഎസി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ മറവില്‍ രാജ്യത്തെ ബഹുസ്വരത തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപിയും സിപിഎമ്മും നടത്തുന്നത്. കോണ്‍ഗ്രസും യുഡിഎഫും ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കും. കേന്ദ്രത്തിലും കേരളത്തിലും ഭരണ രംഗത്ത് പൂര്‍ണമായി പരാജയപ്പെട്ട ബിജെപിയും സിപിഎമ്മും ഭരണ പരാജയവും രാഷ്ട്രീയ പാപ്പരത്തവും മറച്ചുവെക്കാന്‍ വികാരപരമായി പ്രശ്നങ്ങളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയുടെ മറവില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനും മതേതരത്വം തകര്‍ക്കാനും ശ്രമിക്കുന്ന ആര്‍എസ്എസും ബിജെപിയും എല്‍ഡിഎഫ് സര്‍ക്കാരും സുപ്രീംകോടതി വിധിക്കെതിരെ നിയമപരമായി ഒന്നും ചെയ്തില്ല. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാന്‍ പോലും കാത്തുനില്‍ക്കാതെ ശബരിമലയില്‍ യുവതി പ്രവേശനത്തിന് കളമൊരുക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയും ശ്രമിച്ചത്.
യുഡിഎഫും കോണ്‍ഗ്രസും എക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയുമായി ബന്ധപ്പെട്ട യുഡിഎഫ് നിലപാടിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അന്നും ഇന്നും യുഡിഎഫിനന്റേയും കോണ്‍ഗ്രസിന്റേയും നയങ്ങള്‍ക്കും നിലപാടിനും മാറ്റമില്ല.
രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ അടര്‍ത്തിമാറ്റി വിവാദമുണ്ടാക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിനെ പൂര്‍ണമായി അംഗീകരിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമില്ല. ബിജെപിയുടെയും സിപി.എമ്മിന്റേയും തെറ്റായ നിലപാടുകളെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പ്പിക്കും.
വിശ്വാസങ്ങളിലും ആചാരങ്ങളിലും രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും കൈകടത്തേണ്ടതില്ല. സുന്നി പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാന്‍ കോടിയേരി ബാലകൃഷ്ണന് അധികാരമില്ല. വിശ്വാസപരമായി കാര്യങ്ങളില്‍ വിശ്വാസികളാണ് അഭിപ്രായം പറയേണ്ടത്. ബിജെപിയുടെയും സിപിഎമ്മിന്റേയും കള്ളക്കളി ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയര്മാന് കെ.സി രാജന് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്, നേതാക്കളായ മുന്‍മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ്, ജോസഫ് എം.പുതുശേരി, എ.എ അസീസ്, എന്‍.കെ പ്രേമചന്ദ്രന് എംപി, സി.പി ജോണ്‍, വാക്കനാട് രാധാകൃഷ്ണന്, ജി.ദേവരാജന്‍, ഷെഹീദ് അഹമ്മദ്, റാം മോഹന്‍, മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം എ.യൂനുസ്കുഞ്ഞ്, ജില്ലാ പ്രസിഡന്റ് എം.അന്‍സാറുദീന്‍, ജനറല്‍ സെക്രട്ടറി നൗഷാദ് യൂനുസ്, കോണ്‍ഗ്രസ് നേതാക്കളായ ശൂരനാട് രാജശേഖരന്, എ.ഷാനവാസ്ഖാന്, രാജ്മോഹന്‍ ഉണ്ണിത്താന്, ബിന്ദുകൃഷ്ണ, ജി.പ്രതാപവര്‍മ തമ്പാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം തന്നെ: രമേശ് ചെന്നിത്തല
11:07 PM Oct 31, 2018 | Deepika.com