വിശാഖപട്ടണം: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 10 ജിഗാവാട്ട് പുനരുപയോഗിക്കാവുന്ന സൗരോർജ പദ്ധതി സ്ഥാപിക്കുന്നതിനായി ആന്ധ്രപ്രദേശിൽ നിക്ഷേപം നടത്തുമെന്ന് വെള്ളിയാഴ്ച അറിയിച്ചു.
ദ്വിദിന ആഗോള നിക്ഷേപക ഉച്ചകോടി 2023 ന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. “ഇന്ന് രാവിലെ, ഞങ്ങളുടെ നിക്ഷേപങ്ങൾ തുടരുമെന്നും ആന്ധ്രാപ്രദേശിൽ 10 ജിഗാവാട്ട് പുനരുപയോഗിക്കാവുന്ന സൗരോർജത്തിൽ ഞങ്ങൾ നിക്ഷേപിക്കുമെന്നും പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്’’ അംബാനി പറഞ്ഞു.
ഗ്യാസ് പൈപ്പ് ലൈനുകൾ വികസിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന കെജി ഡി6 ആസ്തികളിൽ റിലയൻസ് 1.50 ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കെജി ഡി6 ബേസിനിൽ റിലയൻസ് ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിവാതകം രാജ്യത്തിന്റെ ശുദ്ധമായ ഉൗർജ പരിവർത്തനത്തിന് കരുത്ത് പകരുന്നു, ഇത് രാജ്യത്തിന്റെ വാതക ഉല്പാദനത്തിന്റെ 30 ശതമാനത്തോളം സംഭാവന ചെയ്യും.
ഇതിനു പുറമെ സംസ്ഥാനത്ത് അൾട്രാഹൈ സ്പീഡ് 5ജി ടെലിഫോണിക് നെറ്റ്വർക്ക് പുറത്തിറക്കുന്നതിനായി 40,000 കോടി രൂപയും നിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 40,000 കോടിയിലധികം രൂപ നിക്ഷേപിച്ച് സംസ്ഥാനത്ത് ഏറ്റവും വലുതും മികച്ചതുമായ ഡിജിറ്റൽ നെറ്റ്വർക്ക് ഞങ്ങൾ സൃഷ്ടിക്കും.
സംസ്ഥാനത്തിന്റെ വിദൂര കോണുകളിൽ താമസിക്കുന്നവർ ഉൾപ്പെടെ ആന്ധ്രപ്രദേശിലെ ജനസംഖ്യയുടെ 98 ശതമാനവും ഞങ്ങളുടെ 4ജി നെറ്റ്വർക്ക് ഉൾക്കൊള്ളുന്നു. ജിയോയുടെ ട്രൂ 5ജി യുടെ വ്യാപനം 2023 അവസാനത്തോടെ ആന്ധ്രപ്രദേശ് ഉൾപ്പെടെ ഇന്ത്യയിലുടനീളം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
5ജി ഡിജിറ്റൽ വിപ്ലവത്തിന്റെ ഒരു പുതിയ തരംഗത്തിന് തുടക്കമിടുമെന്നും വലിയ തോതിലുള്ള ബിസിനസ്- തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ, റിലയൻസ് റീട്ടെയിൽ വിഭാഗം ആന്ധ്രപ്രദേശിലെ 6,000 ഗ്രാമങ്ങളിലായി 1.2 ലക്ഷത്തിലധികം വ്യാപാരികളുമായി സഹകരിക്കുമെന്നും ‘റിലയൻസ് റീട്ടെയിൽ’ കൂടുതൽ കാർഷികകാർഷിക അധിഷ്ഠിത ഉത്പന്നങ്ങൾ ആന്ധ്രപ്രദേശിൽനിന്ന് ഇന്ത്യയിലുടനീളം വില്പനയ്ക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രപ്രദേശിൽ 10 ജിഗാവാട്ട് സൗരോർജ പദ്ധതി സ്ഥാപിക്കും: മുകേഷ് അംബാനി
12:02 AM Mar 04, 2023 | Deepika.com