വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പരമാധികാരത്തിനു ചൈന വെല്ലുവിളി ഉയർത്തിയാൽ ശക്തമായി പ്രതികരിക്കുമെന്നു പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് കോൺഗ്രസിൽ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ വാർഷിക നയപ്രസംഗം നടത്തുകയായിരുന്നു ആദ്ദേഹം.
ചൈന ചാരപ്രവർത്തനത്തിനു നിയോഗിച്ച ബലൂൺ യുഎസ് വെടിവച്ചിട്ടതിനെത്തുർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണു ബൈഡന്റെ മുന്നറിയിപ്പ്.
അമേരിക്കയ്ക്കും ലോകത്തിനും ഗുണമുള്ള കാര്യങ്ങളിൽ ചൈനയുമായി സഹകരിക്കാൻ തയാറാണ്. ചൈന ഭീഷണി ഉയർത്തിയാൽ അമേരിക്കയെ സംരക്ഷിക്കാൻ വേണ്ടതു ചെയ്യും. കഴിഞ്ഞയാഴ്ചത്തെ സംഭവം ഇതിനുദാഹരണമാണെന്നും ബലൂൺ വീഴ്ത്തിയതിനെ ഓർമിപ്പിച്ച് ബൈഡൻ പറഞ്ഞു.
യുക്രെയ്ന് ആവശ്യമായ കാലത്തോളം അമേരിക്ക പിന്തുണ നല്കും. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രെയ്നിൽ നടത്തുന്ന യുദ്ധം അമേരിക്കയ്ക്കും ലോകത്തിനുമുള്ള പരീക്ഷണമാണ്. സ്വാതന്ത്ര്യം, സമാധാനം, അന്തസ് എന്നിവയ്ക്കുവേണ്ടിയാണ് അമേരിക്ക നിലകൊള്ളുന്നതെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ഇന്ത്യയെ ലക്ഷ്യമിട്ടും ചൈനീസ് ബലൂൺ
ചൈനീസ് ചാരബലൂണുകൾ ഇന്ത്യയടക്കം പല രാജ്യങ്ങളെയും ലക്ഷ്യമിട്ടിട്ടുള്ളതായി റിപ്പോർട്ട്. ചാരപ്പണിക്കായി ബലൂണുകളുടെ കൂട്ടം ചൈനയ്ക്കുണ്ടെന്നാണ് പറയുന്നത്. അമേരിക്ക വെടിവച്ചിട്ട ചൈനീസ് ബലൂണുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ത്യയടക്കമുള്ള സുഹൃദ് രാജ്യങ്ങളുമായി പങ്കുവച്ചിട്ടുണ്ട്.
ചൈനയ്ക്കു മുന്നറിയിപ്പുമായി ജോ ബൈഡൻ
11:52 PM Feb 08, 2023 | Deepika.com