പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ ട്രക്കിൽനിന്നു നഷ്ടപ്പെട്ട റേഡിയോ ആക്ടീവ് കാപ്സ്യൂൾ കണ്ടെത്തി.
കാപ്സ്യൂൾ വഹിച്ചിരുന്ന ട്രക്ക് 1,400 കിലോമീറ്റർ ദൂരം പിന്നിട്ടശേഷമാണ് കാപ്സ്യൂൾ നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഒരു പയറിന്റെ മാത്രം വലുപ്പമുള്ള അതിമാരകമായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ ഗ്രേറ്റ് നോർത്തേൺ ഹൈവേയിൽ ന്യൂമനു സമീപത്തുനിന്നാണു കണ്ടെത്തിയത്.
70 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന തെരച്ചിൽ വാഹനമാണു കാപ്സ്യൂളിൽനിന്നുള്ള റേഡിയോ ആക്ടീവ് വികിരണം പിടിച്ചെടുത്തത്. പിന്നീട്, മറ്റൊരു ഉപകരണം ഉപയോഗിച്ച് റോഡിന്റെ വശത്തുനിന്നു സാധനം കണ്ടെത്തി.
ട്രക്ക് സഞ്ചരിച്ച ഹൈവേയിൽ ആറു ദിവസം തെരച്ചിൽ നടത്തിയ ശേഷമാണ് എട്ടു മില്ലിമീറ്റർ നീളവും ആറു മില്ലിമീറ്റർ വീതിയുമുള്ള കാപ്സ്യൂൾ കണ്ടെത്തിയത്. വൈക്കോൽ കൂനയിൽ മൊട്ടുസൂചി തപ്പുന്നതിനു സമാനമായിരുന്നു ദൗത്യമെന്ന് ദുരന്തനിവാരണ വകുപ്പുമന്ത്രി സ്റ്റീഫൻ ഡോസൺ പറഞ്ഞു.
സീസിയം 137 മൂലകമടങ്ങിയ കാപ്സ്യൂളാണു നഷ്ടപ്പെട്ടത്. റേഡിയേഷൻ ഗേജുകളിൽ ഉപയോഗിക്കുന്ന കാപ്സ്യൂളിൽനിന്നു മണിക്കൂറിൽ പത്ത് എക്സ്റേയ്ക്കു തുല്യമായ റേഡിയോ ആക്ടീവ് വികരണം പുറത്തുവരും. പൊള്ളലിനും അർബുദത്തിനും ഇതു കാരണമായേക്കും.
ട്രക്കിൽനിന്നു കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ കണ്ടെത്തി
01:05 AM Feb 02, 2023 | Deepika.com