മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അദാനി ഓഹരികൾ കൂപ്പു കുത്തിയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് സെഷനുകളിലായി മോശം പ്രകടനം കാഴ്ചവച്ച ഓഹരി വിപണി നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്ത്യൻ ഓഹരികൾ വെള്ളിയാഴ്ച മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്സ് 1699.51 പോയിന്റ് ഉയർന്ന് 59,500.41 ലും എൻഎസ്ഇ നിഫ്റ്റി 44.60 പോയിന്റ് ഉയർന്ന് 17,648.95 ലും വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ നിഫ്റ്റിയിൽ 26 ഓഹരികൾ മുന്നേറിയപ്പോൾ 24 എണ്ണം ഇടിഞ്ഞു.
അദാനി എന്റർപ്രൈസസ് എഫ്പിഒ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടതെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. റിപ്പോർട്ട് മൂലം കനത്ത വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും ഫോളോഓണ്‍ പബ്ലിക് ഓഫറിംഗിലൂടെ നടത്തുന്ന ധനസമാഹരണം തുടരുമെന്ന് അദാനി എന്റർപ്രൈസസ് വ്യക്തമാക്കിയിരുന്നു. ഏകദേശം 20,000 കോടി രൂപയാണ് എഫ്പിഒയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്.
ഇന്നലെ വിപണിയിൽ അദാനി എന്റർപ്രൈസസ്, ബജാജ് ട്വിൻസ്, അൾട്രാടെക് സിമന്റ്, എച്ച്സിഎൽ ടെക്, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, വിപ്രോ, മാരുതി, റിലയൻസ് തുടങ്ങിയ ഓഹരികൾ ഒന്നു മുതൽ അഞ്ച് ശതമാനം വരെ നേട്ടമുണ്ടാക്കി. അദാനി എന്റർപ്രൈസസും അദാനി പോർട്ട്സും അഞ്ചു ശതമാനം വീതം ഉയർന്ന് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയപ്പോൾ, ഒപ്പം എസിസി, അംബുജ സിമന്റ്സ് എന്നിവയും മുന്നേറി.
മറ്റ് കന്പനികളായ അദാനി വിൽമർ, അദാനി ഗ്രീൻ, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ എന്നിവ ഉയർന്ന വിൽപ്പന നടത്തി. മറുവശത്ത്, പവർ ഗ്രിഡ്, എൽ ആൻഡ് ടി, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഓട്ടോ, എച്ച്യുഎൽ, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവ മൂന്നു ശതമാനം വരെ ഇടിഞ്ഞു.
അദാനി ഓഹരികളിൽ പണമിറക്കി ഐഎച്ച്സി
മുംബൈ: അദാനി എഫ്പിഒയിലേക്ക് അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഹോൾഡിംഗ് കന്പനി (ഐഎച്ച്സി) കോടിക്കണക്കിനു രൂപ നിക്ഷേപിച്ചു. അദാനി എന്റർപ്രൈസസ് ലിമിറ്റഡിെന്റെ ഫോളോഓണ്‍ പബ്ലിക് ഓഫറിൽ (എഫ്പിഒ) 3,260 കോടി രൂപയാണ് കന്പനി നിക്ഷേപിക്കുന്നത്.
വൻകിട കന്പനിയായ ഐഎച്ച്സിയുടെ ശാഖയായ ഗ്രീൻ ട്രാൻസ്മിഷൻ ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ് ആർഎസ്സി ലിമിറ്റഡ് വഴി കന്പനിയിൽ നിക്ഷേപം നടത്തുമെന്ന് പ്രസ്താവനയിലൂടെ വ്യക്തമാക്കി. അദാനി എന്റർപ്രൈസസ് ലിമിറ്റഡിലുള്ള വിശ്വാസമാണ് നിക്ഷേപത്തിന് പിന്നിലെന്ന് കന്പനി പ്രസ്താവനയിൽ പറഞ്ഞു.
വിപണി തിരിച്ചുവരവിന്റെ പാതയിൽ; സെൻസെക്സ് 170 പോയിന്റ് ഉയർന്നു
12:47 AM Jan 31, 2023 | Deepika.com