ക്രമരഹിതമായി സ്വീകരിക്കുന്ന ഡെപ്പോസിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുവാൻ അണ് റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ബിൽ - 2019 ലോകസഭ 13-02-2019 ൽ പാസ്സാക്കിയിരുന്നു. അംഗീകാരം ഇല്ലാത്ത സ്കീമുകളിൽ പണം നിക്ഷേപിച്ച് നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതലായിട്ടാണ് ഈ നിയമം.
എന്താണ് അണ്റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം
ഗവണ്മെന്റിന്റെയോ ഗവണ്മെന്റ് ഏജൻസിയുടേയോ നിയന്ത്രണത്തിലല്ലാതെ പ്രത്യേക സ്കീം പ്രകാരമോ അല്ലാതെയോ ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്ന ബിസിനസിനെയാണ് അണ് റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം എന്നുവിളിക്കുന്നത്.
ഡെപ്പോസിറ്റിന്റെ നിർവചനത്തിൽ ഉൾപ്പെട്ടിട്ടില്ലാത്തവ
1) കോ-ഓപ്പറേറ്റീവ് ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നും സ്വീകരിക്കുന്ന പണം.
2) പബ്ലിക് ഫിനാൻഷൽ കോർപറേഷനിൽ നിന്നും നോണ് ബാങ്കിംഗ് ഫിനാൻഷ ൽ കന്പനികളിൽ നിന്നും സ്വീകരിക്കുന്ന തുകകൾ
3) ഗവണ്മെന്റിന്റെ പക്കൽ നിന്നും ലഭിക്കുന്ന പണവും തിരിച്ചടവ് ഗവണ്മെന്റ് ഗ്യാരന്റി നൽകുന്ന തുകകളും.
4) ഫോറിൻ ബാങ്കുകളിൽ നിന്നും ഇന്റർനാഷണൽ ബാങ്കുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വിദേശികളിൽ നിന്നും വിദേശ കന്പനികളിൽ നിന്നും നിയമാനുസൃതമായി സ്വീകരിക്കുന്ന തുകകൾ.
5) പങ്കു വ്യാപാരസ്ഥാപനങ്ങളിലും ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പുകളിലും പാർട്ണർമാർ നിക്ഷേപിക്കുന്ന മുതൽ മുടക്കുകൾ.
6) വ്യക്തികൾ സ്നേഹിതരിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വീകരിക്കുന്ന തുകകൾ.
7) ബിസിനസിൽ നടക്കുന്ന ക്രെഡിറ്റ് ഇടപാടുകൾ.
8) സർഫേസി ആക്ടിന്റെ കീഴിൽ വരുന്ന അസറ്റ് റീകണ്സ്ട്രക്ഷൻ കന്പനികളിൽ സ്വീകരിക്കപ്പെടുന്ന തുകകൾ.
9) രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന തുകകൾ.
10) സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി നിയമപരമായി സ്വീകരിക്കുന്ന തുകകൾ.
ബിസിനസിന്റെ ഭാഗമായി സ്വകരിക്കപ്പെടുന്ന ഡെപ്പോസിറ്റുകളും അഡ്വാൻസുകളും പ്രോപ്പർട്ടികൾ വാങ്ങുന്നതിന് നൽകപ്പെടുന്ന അഡ്വാൻസുകളും പ്രസ്തുത സ്കീമിൽ ഡെപ്പോസിറ്റായി കണക്കാക്കപ്പെടുകയില്ല. എന്നാൽ, നിശ്ചയിക്കപ്പെട്ട തീയതിക്ക് ഇടപാടുകൾ നടന്നില്ലെങ്കിൽ പ്രസ്തുത പണം 15 ദിവസങ്ങൾക്കകം തിരിച്ചു നൽകിയില്ലെങ്കിൽ അവയെ ഡെപ്പോസിറ്റുകളായി പരിഗണിക്കും. ബിസിനസ്സിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി സ്വീകരിക്കുന്ന പണവും ഈ നിയമത്തിൽ വരികയില്ല.
അംഗീകാരം ഇല്ലാതെ നടത്തപ്പെടുന്ന ചിട്ടി ബിസിനസ്സുകൾ ഈ നിയമത്തിന് കീഴിൽ വരും. ക്രമരഹിതമായി സ്വീകരിക്കുന്ന പ്രസ്തുത ഡിപ്പോസിറ്റുകൾക്ക് വേണ്ടി പരസ്യം ചെയ്യുന്നതും ക്യാൻവാസ് ചെയ്യുന്നതിനും നിരോധനം ഉള്ളതാണ്. നിയമപ്രകാരം സ്വീകരിച്ച നിക്ഷേപങ്ങൾ ആണെങ്കിലും അവയുടെ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ കുറ്റകരമാണ്.
ശിക്ഷാനടപടികൾ
ഈ നിയമത്തിന് എതിരായി ക്രമരഹിതമായ രീതിയിൽ നിക്ഷേപങ്ങൾ വാങ്ങിക്കുന്നവർ 1 വർഷത്തിൽ കുറയാതെയും 5 വർഷം വരെയും തടവുശിക്ഷയും 2 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപവരെയുള്ള പിഴയും അടയ്ക്കേണ്ടിവരും. നിക്ഷേപങ്ങൾ വാങ്ങിയാൽ കുറഞ്ഞത് 2 വർഷം മുതൽ 7 വർഷം വരെ തടവിനും 3 ലക്ഷം മുതൽ 10 ലക്ഷം രൂപവരെ പിഴയ്ക്കും അർഹനാവും. നിക്ഷേപങ്ങൾ സ്വീകരിച്ചശേഷം തിരിച്ചടവിന് വീഴ്ച വരുത്തിയാൽ 3 വർഷം മുതൽ 10 വർഷം വരെ തടവിനും 5 ലക്ഷം രൂപയിൽ കുറയാതെയുള്ള പിഴയ്ക്കും അർഹനാവും. ഉയർന്ന വാഗ്ദാനങ്ങൾ നല്കി പണം സ്വീകരിച്ചതിന് ശേഷം വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 7 വർഷം വരെ തടവും 5 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപവരെ പിഴയ്ക്കും അർഹനാകും.
ചെറുകിട ബിസിനസ്സുകൾക്ക് ബാധകമല്ല
ബന്ധുക്കളുടെയും സ്നേഹിതരുടെയും പക്കൽ നിന്നും വിവാഹ ആവശ്യത്തിനോ, ആശുപത്രി ആവശ്യങ്ങൾക്കു വേണ്ടിയോ, ബിസിനസ്സ് ആവശ്യങ്ങൾക്കോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ വാങ്ങിക്കുന്ന തുകകൾ ഈ നിയമത്തിന്റെ പരിധിയിൽ വരില്ല. ചെറുകിട ബിസിനസുകൾ, പങ്കുവ്യാപാരസ്ഥാപനങ്ങൾ മുതലായവ ബന്ധുക്കളല്ലാത്തവരുടെ പക്കൽ നിന്നും ബിസിനസ് ആവശ്യങ്ങൾക്കായി സ്വീകരിക്കുന്ന പണവും ഈ നിയമത്തിൽ ഉൾപ്പെടില്ല. പ്രത്യേകമായും നിക്ഷേപങ്ങൾ സ്വീകരിക്കുന്ന ബിസിനസുകൾക്കാണ് ഈ നിയമം ബാധകമാകുന്നത്.
ക്രമരഹിതമായി സ്വീകരിക്കുന്ന ഡെപ്പോസിറ്റുകൾക്ക് നിയന്ത്രണം
12:23 AM Jan 23, 2023 | Deepika.com