കൊച്ചി: എടയാർ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് മേഖലയിൽ 6000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടു ബൃഹദ് പദ്ധതി. 800 കോടിയുടെ മൾട്ടി സോണ്‍ ഇൻഡസ്ട്രിയൽ പാർക്ക് ആൻഡ് ലോജിസ്റ്റിക്സ് ഹബാണ് ഇവിടെ സ്ഥാപിക്കുക.
എടയാർ സിങ്ക് ലിമിറ്റഡ് (നേരത്തെ ബിനാനി സിങ്ക് ലിമിറ്റഡ്) ’ഫോർച്യൂണ്‍ ഗ്രൗണ്ട്’ എന്ന പേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഏരിയയിൽ കന്പനിയുടെ 108 ഏക്കർ സ്ഥലത്ത് ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യപദ്ധതിയാണ് തുടങ്ങുക.
2023 ന്റെ ആദ്യ പാദത്തിൽ ഒന്നാംഘട്ട നിർമാണം ആരംഭിച്ച് 2026ഓടെ പദ്ധതി പ്രവർത്തനക്ഷമമാകുമെന്നും കന്പനി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ബിസ്മിത്ത്, ചെയർമാൻ അബ്ദുൾ സലിം എന്നിവർ പറഞ്ഞു. പരന്പരാഗത സംഭരണ, ഗതാഗത പ്രവർത്തനങ്ങൾക്കപ്പുറം ലോജിസ്റ്റിക്സിനെ സന്പൂർണ വ്യവസായമായി വികസിപ്പിച്ചെടുക്കുന്ന സംവിധാനമാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.
സെക്ടർ തിരിച്ചുള്ള ക്ലസ്റ്ററിംഗ് അടിസ്ഥാനത്തിൽ ക്രമീകരിക്കുന്ന ആദ്യത്തെ വ്യാവസായിക സംവിധാനമായിരിക്കും പദ്ധതി. 25 ലക്ഷം ചതുരശ്ര അടിയിൽ നിർമിക്കുന്ന വ്യാവസായിക, ലോജിസ്റ്റിക് വെയർഹൗസുകളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുന്നതാണ് പദ്ധതി. നൂറോളം വ്യാവസായിക, നിർമാണ യൂണിറ്റുകളെ ആകർഷിക്കുന്ന പദ്ധതി 2500 കോടി രൂപയുടെ നിക്ഷേപം കൊണ്ടു വരുമെന്നാണു ഡിപിആർ വ്യക്തമാക്കുന്നത്.
6000 തൊഴിലവസരങ്ങളുമായി മൾട്ടി സോണ്‍ ഇൻഡസ്ട്രിയൽ ലോജിസ്റ്റിക് പാർക്ക്
12:59 AM Dec 10, 2022 | Deepika.com