മെക്സിക്കോ സിറ്റി: പെറുവിൽ പ്രസിഡന്റ് പദവിയിൽനിന്ന് ഇംപീച്ച് ചെയ്യപ്പെട്ട പെദ്രോ കാസ്റ്റില്ലോയ്ക്ക് അഭയം നല്കുന്ന കാര്യം പരിഗണിക്കുന്നതായി മെക്സിക്കോ അറിയിച്ചു.
പെറുവിന്റെ തലസ്ഥാനമായ ലിമയിൽ കസ്റ്റഡിയിൽ കഴിയുന്ന കാസ്റ്റില്ലോ അഭിഭാഷകൻ മുഖേനയാണ് അഭയാഭ്യർഥന മെക്സിക്കോ സർക്കാരിനു കൈമാറിയത്. തുടർന്ന് മെക്സിക്കൻ അംബാസഡർ പാബ്ലോ മൺറോ അദ്ദേഹത്തെ സന്ദർശിച്ചു.
ബുധനാഴ്ച നാടകീയ സംഭവങ്ങൾക്കൊടുവിലാണ് ഇടതുപക്ഷനേതാവായ കാസ്റ്റില്ലോ ഇംപീച്ച് ചെയ്യപ്പെട്ടത്. പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് പിരിച്ചുവിടുമെന്ന് അദ്ദേഹം ടെലിവിഷനിൽ പ്രഖ്യാപിച്ചതിനു പിന്നാലെ പാർലമെന്റംഗങ്ങൾ യോഗം ചേർന്ന് പദവിയിൽനിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് വിമതപ്രവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തു.
കാസ്റ്റില്ലോ മെക്സിക്കൻ എംബസിയിൽ അഭയം തേടാൻ ശ്രമിച്ചെങ്കിലും അംഗരക്ഷകർ തടഞ്ഞു.
വൈസ് പ്രസിഡന്റ് ഡിനാ ബോളുവാർട്ടെയാണു പെറുവിലെ പുതിയ പ്രസിഡന്റ്. രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റാണ്. കാസ്റ്റില്ലോയെ പുറത്താക്കിയതിനു പിന്നാലെ അവർ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
പെദ്രോ കാസ്റ്റില്ലോയ്ക്ക് അഭയം നല്കുന്നത് പരിഗണിക്കും: മെക്സിക്കോ
10:31 PM Dec 09, 2022 | Deepika.com