ന്യൂയോർക്ക്: ഫോബ്സ് മാഗസിൻ കണ്ടെത്തിയ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെ ആറ് ഇന്ത്യക്കാർ.
തുടർച്ചയായ നാലാം വർഷമാണു നിർമല സീതാരാമൻ പട്ടികയിൽ ഇടം കണ്ടത്. 36-ാം റാങ്കാണ് കേന്ദ്ര ധനമന്ത്രിക്ക്. 2021ൽ മന്ത്രി 37-ാം സ്ഥാനത്തായിരുന്നു. 2020ൽ 41-ാം സ്ഥാനത്തും 2019ൽ 34-ാം സ്ഥാനത്തുമായിരുന്നു.
എച്ച്സിഎൽടെക് ചെയർപേഴ്സൺ റോഷ്നി നാടാർ മൽഹോത്ര (റാങ്ക് 52), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്സൺ മാധബി പുരി ബുച്ച് (റാങ്ക് 54), സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മണ്ഡൽ (റാങ്ക് 67), ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ-ഷാ (റാങ്ക് 72), നൈക്ക സ്ഥാപക ഫൽഗുനി നയ്യാർ (റാങ്ക് 89) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യക്കാർ. റോഷ്നി നാടാർ മൽഹോത്ര, കിരൺ മജുംദാർ-ഷാ, ഫൽഗുനി നയ്യാർ എന്നിവർ കഴിഞ്ഞ വർഷവും ഫോബ്സ് പട്ടികയിൽ ഇടം നേടിയിരുന്നു.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയേൻ ആണ് ഫോബ്സ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. യുക്രെയ്ൻയുദ്ധത്തിലും കോവിഡ് മഹാമാരിയിലും ചെയ്ത പ്രവർത്തനങ്ങളാണ് ഉർസുലയെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡെ രണ്ടാം സ്ഥാനത്തും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മൂന്നാം സ്ഥാനത്തുമാണ്. ഇറാനിലെ മതകാര്യ പോലീസിന്റെ കസ്റ്റഡിയിൽ മരിച്ച മഹ്സ അമിനിയാണ് പട്ടികയിൽ നൂറാം സ്ഥാനത്ത്.
ശക്തരായ വനിതകളുടെ പട്ടികയിൽ നിർമല സീതാരാമൻ ഉൾപ്പെടെ ആറ് ഇന്ത്യക്കാർ
12:29 AM Dec 08, 2022 | Deepika.com