ബംഗളൂരു: ടൊയോട്ട-കിർലോസ്കർ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് ചെയർമാൻ വിക്രം ശ്രീകാന്ത് കിർലോസ്കർ അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ബംഗളൂരുവിലെ എയർപോർട്ട് റോഡിലുള്ള മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
1888ൽ ആരംഭിച്ച കിർലോസ്കർ ഗ്രൂപ്പിന്റെ നാലാം തലമുറ അംഗമായിരുന്നു അദ്ദേഹം. പന്പുകൾ, എൻജിനുകൾ, കംപ്രസറുകൾ എന്നിവയാണ് കിർലോസ്കർ ഗ്രൂപ്പിന്റെ പ്രധാന ഉത്പന്നങ്ങൾ. കൂടാതെ ആക്സിലുകൾ, ഡ്രൈവ് ഷാഫ്റ്റുകൾ, ട്രാൻസ്മിഷനുകൾ എന്നിവയും കിർലോസ്കർ നിർമിക്കുന്നു.
1958 നവംബറിലാണ് വിക്രം കിർലോസ്കർ ജനിച്ചത്. വ്യവസായിയായ എസ്എൽ കിർലോസ്കറിന്റെ മകനാണ് ശ്രീകാന്ത് കിർലോസ്കർ. 1888 ൽ ഇന്ത്യയിലെ ആദ്യത്തെ ഇരുന്പ് കലപ്പയുടെ നിർമാണമാണ് കിർലോസ്കർ ഗ്രൂപ്പ് ആരംഭിച്ചത്.
വിക്രം കിർലോസ്കർ ഉൗട്ടിയിലെ ലോറൻസ് സ്കൂളിലാണ് പഠിച്ചത്. സ്കൂൾ പഠനത്തിനു ശേഷം, കിർലോസ്കർ തന്റെ മുത്തച്ഛന്റെ വിദ്യാഭ്യാസ സ്ഥാപനമായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉന്നത പഠനത്തിനായി ചേർന്നു. എംഐടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി. കിർലോസ്കർ 1998 മുതൽ ബെംഗളൂരു ആസ്ഥാനമായ ടൊയോട്ട കിർലോസ്കറിന്റെ വൈസ് ചെയർമാനായിരുന്നു. ടൊയോട്ട ഗ്രൂപ്പുമായി ചേർന്ന് ഓട്ടോമൊബൈൽ നിർമാണ വ്യവസായ രംഗത്തും കിർലോസ്കർ ഗ്രൂപ്പ് വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കന്പനിയുടെയും കിർലോസ്കർ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം). 1990 കളുടെ അവസാനത്തിൽ ടൊയോട്ടയുടെ ബിസിനസ് ഇന്ത്യയിലേക്ക് കൊണ്ടുവന്ന വ്യക്തിയായാണ് ശ്രീകാന്ത് കിർലോസ്കർ ഇന്ത്യൻ വ്യാവസായിക രംഗത്ത് അറിയപ്പെടുന്നത്.
ഇന്ന്, ഇന്ത്യയിലെ ടൊയോട്ട ബിസിനസുകളിൽ കിർലോസ്കർ സിസ്റ്റംസ് പങ്കാളിയായ നിരവധി കന്പനികൾ ഉൾപ്പെടുന്നു. ടൊയോട്ടയ്ക്കൊപ്പം ടെക്സ്റ്റൈൽ മെഷിനറി, മാനുഫാക്ചറിംഗ് കാറുകൾ, ഓട്ടോ ഘടകങ്ങൾ, അലുമിനിയം ഡൈകാസ്റ്റിംഗ് തുടങ്ങിയ മേഖലകളിൽ വിക്രം കിർലോസ്കറിന്റെ കിർലോസ്കർ സിസ്റ്റംസ് ലിമിറ്റഡ് നിർണായക സാന്നിദ്ധ്യമാണ്.
2019-20 കാലയളവിൽ കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പ്രസിഡന്റായിരുന്ന അദ്ദേഹം നിലവിൽ സിഐഐ മാനുഫാക്ചറിംഗ് കൗണ്‍സിൽ, സിഐഐ ട്രേഡ് ഫെയറിന്റെ കൗണ്‍സിൽ ചെയർമാനും ഹൈഡ്രജൻ ടാസ്ക് ഫോഴ്സ് ചെയർമാനുമായിരുന്നു. റോഡ് ഐലൻഡ് സ്കൂൾ ഓഫ് ഡിസൈനിന്റെ ബോർഡ് ഓഫ് ട്രസ്റ്റിയിലും കിർലോസ്കർ അംഗമായിരുന്നു. 1990 കളിൽ ടൊയോട്ട മോട്ടോർ കോർപ്പറേഷൻ നിർമാണ രീതികളുടെ കാര്യത്തിൽ ആഗോള ബ്രാൻഡ് ആയി ഉയർന്നു.
കിർലോസ്കറിന് മാനസി എന്ന് പേരുള്ള ഒരു മകളുണ്ട്. കുടുംബ ബിസിനസിലേക്ക് പിതാവിന്റെ പാത പിന്തുടരുന്ന മാനസി കിർലോസ്കർ സിസ്റ്റംസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ടൊയോട്ട മോട്ടോഴ്സിന്റെ ബോർഡ് അംഗവുമാണ്. നോയൽ ടാറ്റയുടെ മകൻ നെവിൽ ടാറ്റയെ മാനസി 2019ൽ വിവാഹം കഴിച്ചു.
ടൊയോട്ടയെ ഇന്ത്യയിലെത്തിച്ച വിക്രം ശ്രീകാന്ത് കിർലോസ്കർ ഒാർമയായി
12:01 AM Dec 01, 2022 | Deepika.com