കൊച്ചി: വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ തിരിച്ചെടുത്തു പുനരുപയോഗിക്കുന്നതിന്റെ സാധ്യതകള്‍ ഐഎസ്ആര്‍ഒ പഠിച്ചുവരുകയാണെന്ന് പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ ഏയ്റോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറലും അഗ്നി നാല് മിസൈലിന്റെ പ്രോജക്ട് ഡയറക്ടറുമായിരുന്ന ഡോ. ടെസി തോമസ്.
റോക്കറ്റ്, മിസൈല്‍ രംഗങ്ങളില്‍ സ്വയംപര്യാപ്ത നേടുന്നതിന് എല്ലാ മേഖലകളുടെയും ഏകോപനം ആവശ്യമാണ്. ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന റോക്കറ്റുകളുടെ ചില ഭാഗങ്ങള്‍ ദൗത്യത്തിനിടെ നഷ്ടമാകും. ശേഷിക്കുന്ന ഭാഗങ്ങള്‍ തിരികെയെത്തിച്ചു ഗുണനിലവാരം വര്‍ധിപ്പിച്ച് ഉപയോഗിക്കാന്‍ കഴിയുമോയെന്ന് പഠനം തുടരുകയാണ്. ഇതു സംബന്ധിച്ച ശാസ്ത്രീയവും സാങ്കേതികവുമായ സാധ്യതകള്‍ പഠിച്ചുവരുകയാണെന്നും അവര്‍ പറഞ്ഞു. വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന് കാക്കനാട്ടെ സയന്‍സ് പാര്‍ക്കില്‍ സംഘടിപ്പിച്ച ശാസ്ത്രവട്ടമേശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. ടെസി തോമസ്.
ചടങ്ങില്‍ വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന് സംഘടിപ്പിച്ച ദേശീയ ശാസ്ത്രാഭിമുഖ പരീക്ഷയില്‍ ഉന്നതവിജയേ നേടിയ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഡോ. ടെസി തോമസ് അവാര്‍ഡ് നല്കി ആദരിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന് ചെയര്‍മാനുമായ ഡോ.ജി. മാധവന്‍നായര്‍, ചീഫ് സെക്രട്ടറി വി.പി. ജോയ്, ഡോ. സുബ്രഹ്മണ്യ അയ്യര്‍, ഫൗണ്ടേഷന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡോ. ഇന്ദിര രാജന്, മാനേജിംഗ് ഡയറക്ടര്‍ സുചിത്ര ഷൈജിന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
റോക്കറ്റുകളുടെ പുനരുപയോഗസാധ്യത പഠിക്കുന്നു: ഡോ. ടെസി തോമസ്
01:26 AM Nov 28, 2022 | Deepika.com