വാഷിംഗ്ടണ്‍ ഡിസി: വരും മാസങ്ങളിൽ രാജ്യം സാന്പത്തിക മാന്ദ്യം കാണുമെന്ന ഭയത്തിനിടയിൽ വലിയ വാങ്ങലുകൾ നടത്തരുതെന്ന് പണപ്പെരുപ്പവുമായി മല്ലിടുന്ന അമേരിക്കക്കാരെ കോടീശ്വരനായ ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസ് ഉപദേശിച്ചു. ജെഫ് ബെസോസ് നിലവിൽ ആമസോണിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റാണ്.
കഴിഞ്ഞ വർഷം സിഇഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ) പദവിയിൽ നിന്ന് രാജിവച്ചു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് 2023ൽ ലോകം കടുത്ത സാന്പത്തിക മാന്ദ്യത്തിലേക്കു പോകുമെന്നും മാന്ദ്യത്തിന്റെ പ്രതിസന്ധി ഒഴിവാക്കാൻ കുറച്ച് പണം മാറ്റിവയ്ക്കാനുമാണ് ജെഫ് ബെസോസ് ഉപദേശിച്ചത്.
നിങ്ങൾ ഒരു വലിയ സ്ക്രീൻ ടിവി വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അത് തത്കാലം മാറ്റിവയ്ക്കുകയും ആ പണം സേവ് ചെയ്യണമെന്നും എന്താണ് സംഭവിക്കുന്നതെന്ന് സസൂക്ഷ്മം നിരീക്ഷിക്കണമെന്നുന്നും ജെഫ് ബെസോസ് ആവ ശ്യപ്പെട്ടു. വലിയ വിലയുള്ള വാങ്ങലുകൾ മാറ്റിവച്ചുകൊണ്ട്, പ്രത്യേകിച്ച് റിസ്ക് കുറയ്ക്കാൻ ചെറുകിട ബിസിനസ് ഉടമകളും ഉപഭോക്താക്കളും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാര്യങ്ങൾ മന്ദഗതിയിലാണ്. സന്പദ് വ്യസ്ഥയുടെ പല മേഖലകളിലും നിങ്ങൾ പിരിച്ചുവിടലുകൾ കാണുന്നില്ലേയെന്നും അദ്ദേഹം ചേദിച്ചു. എല്ലാ മേഖലകളിലെയും പിരിച്ചുവിടലുകൾ സാന്പത്തിക മാന്ദ്യത്തിന്റെ സൂചകമായി അദ്ദേഹം ഉദ്ധരിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ആമസോണ്‍ ഉൾപ്പെടെ നിരവധി വലിയ ടെക് കന്പനികൾ കൂട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുകയോ നടപ്പിലാക്കുകയോ ചെയ്തു. ഈ കന്പനികളിൽ ട്വിറ്റർ, മെറ്റാ, ബൈജൂസ്, മൈക്രോസോഫ്റ്റ് എന്നിവ ഉൾപ്പെടുന്നു. എന്നാൽ കാര്യങ്ങൾ അതിൽ മാത്രം നിൽക്കില്ലെന്നാണ് ജെഫ് ബെസോസിന്റെ നിരീക്ഷണം.
ജെഫ് ബെസോസിനു പുറമെ എലോണ്‍ മസ്ക്, ചാർലി മംഗർ എന്നിവരും മാന്ദ്യത്തിന്റെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കാൾ ഇക്കാൻ, ജാമി ഡിമോണ്‍, കെൻ ഗ്രിഫിൻ എന്നിവരും സാന്പത്തിക മാന്ദ്യത്തെക്കുറിച്ച് സൂചിപ്പിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾ അവസാനിക്കാത്തതും കടുത്ത പണപ്പെരുപ്പം തണുപ്പിക്കാൻ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർത്തുന്നതും റഷ്യ-യുക്രെയ്ൻ യുദ്ധവും ആഗോള വ്യാപാരത്തെ തടസപ്പെടുത്തുന്ന ചൈനയുടെ നിലവിലുള്ള ലോക്ക്ഡൗണുകളും ഉൾപ്പെടെ നിരവധി കാരണങ്ങളാണ് ഇവരെല്ലാം ചൂണ്ടിക്കാട്ടുന്നത്.
ഒരുപക്ഷേ ഒന്നോ രണ്ടോ വർഷം ഗുരുതരമായ മാന്ദ്യം ഉണ്ടാകും. സത്യസന്ധമായി പറഞ്ഞാൽ, മുന്നിലുള്ള സാന്പത്തിക ചിത്രം ഭയാനകമാണ്, പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ സാന്പത്തിക അന്തരീക്ഷത്തിൽ പരസ്യത്തെ ആശ്രയിക്കുന്ന ഞങ്ങളെപ്പോലുള്ള ഒരു കന്പനിക്ക് എന്നാണ് ടെസ്ല, സ്പേസ് എക്സ്, ട്വിറ്റർ എന്നിവയുടെ സിഇഒ ആയ എലോണ്‍ മസ്ക് പറഞ്ഞത്.
ഇപ്പോൾത്തന്നെ നമ്മൾ ഒരു നേരിയ മാന്ദ്യത്തിലാണ് കൂടുതൽ മോശമായ അവസ്ഥയിലേക്കു പോകാനുള്ള സാധ്യതയുണ്ട്. കൂടുതലും കോവിഡും യു ക്രെയ്നിലെ യുദ്ധവും എണ്ണവിലയും അതുപോലുള്ള കാര്യങ്ങളുമാണ് നിലവിലെ മാന്ദ്യത്തിനു കാരണമെന്നാണ് ജെപി മോർഗന്റെ സിഇഒ ജാമി ഡിമോണിന്റെ നിരീക്ഷണം.
വിപണികൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വളരെ വലിയ മാന്ദ്യമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. 2023 ആഗോള മാന്ദ്യത്തിന്റെ വർഷമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നുമാണ് ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്സിന്റെ കോ-സിഐഒ ഗ്രെഗ് ജെൻസന്റെ വിലയിരുത്തൽ.
പണപ്പെരുപ്പവും മാന്ദ്യവും മാത്രമല്ല, മഹത്തായ സ്തംഭനാവസ്ഥയിലുള്ള കടം പ്രതിസന്ധി’ എന്നാണ് ഞാൻ വരാനിരിക്കുന്ന പ്രതിസന്ധി കാലത്തെ വിളിക്കുന്നത്. പ്രതിസന്ധി 70കളേക്കാൾ വളരെ മോശമായിരിക്കുമെന്നും ഞാൻ കരുതുന്നു എന്നാണ് എൻവൈയു സാന്പത്തിക ശാസ്ത്രജ്ഞൻ നൗറിയൽ റൂബിനി വ്യക്തമാക്കുന്നത്.
നിങ്ങളുടെ പണം സൂക്ഷിക്കുക, ടിവിയും ഫ്രിഡ്ജും കാറും വാങ്ങരുത്: മാന്ദ്യ മുന്നറിയിപ്പുമായി ജെഫ് ബെസോസ്
12:18 AM Nov 21, 2022 | Deepika.com