തിരുവനന്തപുരം: വാഴപ്പഴ കര്‍ഷകരെയും വ്യാപാരികളെയും കയറ്റുമതിക്കാരെയും ഒരു കുടക്കീഴില് ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിതരണ ശൃംഖലയുമായി അഗ്രോ ബിസിനസ് സ്റ്റാര്‍ട്ടപ്പായ ഗ്രീനിക്ക്.
വാഴപ്പഴ കയറ്റുമതി വര്‍ധനയും കര്‍ഷകര്‍ക്ക് ഉയര്‍ന്ന ആദായവും ലക്ഷ്യമിടുന്ന ഗ്രീനിക്ക് ഇതിനായുള്ള ആദ്യന്ത വിതരണ ശൃംഖല ഒരുക്കും. ഇന്ത്യന്‍ വാഴപ്പഴത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയൊരുക്കാനും കേരളം ആസ്ഥാനമായ ഈ സ്റ്റാര്‍ട്ടപ്പ് ലക്ഷ്യമിടുന്നു.
യുവ ടെക്കികളായ ഫാരിഖ് നൗഷാദും പ്രവീണ്‍ ജേക്കബും ചേര്‍ന്ന് സ്ഥാപിച്ച ഗ്രീനിക്ക് കര്‍ഷകര്‍, വ്യാപാരികള്‍, മൊത്തക്കച്ചവടക്കാര്‍, ബി 2 ബി ബയേഴ്സ് എന്നിവരെ ബന്ധിപ്പിക്കുന്ന തരത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഈസ്റ്റ് ആഫ്രിക്ക ആസ്ഥാനമായുള്ള ഐടി സോഫ്റ്റ് വെയര്‍ സ്റ്റാര്‍ട്ടപ്പിന്റെ മുന്‍ പ്രൊമോട്ടര്‍മാരാണ് ഇരുവരും.
കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവയുള്‍പ്പെടെ പ്രധാന വാഴപ്പഴ ഉല്‍പ്പാദക സംസ്ഥാനങ്ങളില്‍ ഗ്രീനിക്കിന്റെ സഹായക കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വിത്തുകള്‍, കൃഷി, കാലാവസ്ഥ, ഇന്‍ഷ്വറന്‍സ് പരിരക്ഷ, ധനസഹായം, വിപണി തുടങ്ങി ഉത്പാദനവും വിപണനവുമായി ബന്ധപ്പെട്ടുള്ള ഉപദേശവും പിന്തുണയും ഗ്രീനിക്ക് കര്‍ഷകര്‍ക്ക് നല്‍കും. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ സമാനമായ കേന്ദ്രങ്ങള്‍ തുടങ്ങാനിരിക്കുകയാണ്.
വിളവെടുപ്പിന് ശേഷമുള്ള വാഴത്തൈകളുടെ തണ്ടുകള്‍ പ്രകൃതിദത്ത നാരുകളാക്കി മാറ്റാനും ബാക്കിയുള്ളവ വളമോ കോഴിത്തീറ്റയോ ആയി പുനരുത്പാദിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഓരോ വര്‍ഷവും വിളവെടുപ്പിനു ശേഷം ഏകദേശം 20 കോടിയോളം വാഴത്തണ്ടുകള്‍ കത്തിനശിക്കുകയോ പാഴാകുകയോ ചെയ്യുന്നുണ്ടെന്ന് ഗ്രീനിക്ക് പ്രൊമോട്ടര്‍മാര്‍ പറഞ്ഞു.
പാഴായിപ്പോകുന്ന വസ്തുക്കളുടെ മൂല്യവര്‍ധനയിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കാനാണ് ഗ്രീനിക്ക് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ആദ്യത്തെ വാഴപ്പഴ വിതരണ ശൃംഖലയുമായി അഗ്രോ-ബിസിനസ് സ്റ്റാര്‍ട്ടപ്പ് ഗ്രീനിക്ക്
01:07 AM Oct 07, 2022 | Deepika.com