കണ്ണൂർ: കേരളത്തിന്റെ ഉത്പാദനോന്മുഖവും വികസനോന്മുഖവുമായ മുന്നേറ്റത്തിൽ തൊഴിൽ സഭ വലിയ പങ്ക് വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി കൺവൻഷൻ സെന്ററിൽ തൊഴിൽസഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുകയെന്ന സർക്കാരിന്റെ നിലപാടിന്റെ തുടർച്ചയാണ് തൊഴിൽ സഭ. തൊഴിൽ നൽകുന്നതിനുള്ള ഏറ്റവും പ്രധാന പദ്ധതിക്കാണു തുടക്കമാകുന്നത്. പുതിയ ഒരു കേരള മാതൃകയാണ് തൊഴിൽ സഭ മുന്നോട്ടുവയ്ക്കുന്നത്.
തൊഴിൽ ലഭ്യമാക്കുക എന്ന ഉത്തരവാദിത്തത്തിൽനിന്ന് സർക്കാരുകൾ പിന്മാറണമെന്ന കാഴ്ചപ്പാട് രാജ്യത്ത് ശക്തമാകുന്ന സാഹചര്യമാണ്. എന്നാൽ, കേരളത്തിന്റേതു ബദൽ ഇടപെടലാണ്. തൊഴിൽ അന്വേഷകരെയും സംരംഭകരെയും ഒന്നിപ്പിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത.
ഡിജിറ്റൽ വ്യവസായ രംഗത്തുണ്ടായ മാറ്റങ്ങൾ പ്രയോജനപ്പെടുത്തി 20 ലക്ഷം അഭ്യസ്തവിദ്യർക്ക് ഡിജിറ്റൽ മേഖലയിൽ തൊഴിൽ ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വർക്ക് നിയർ ഹോം വർക്ക് സ്റ്റേഷനുകൾ ഒരുക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകിക്കഴിഞ്ഞു-മുഖ്യമന്ത്രി പറഞ്ഞു.
ഉത്പാദനോന്മുഖ വികസന മുന്നേറ്റത്തിന് തൊഴിൽ സഭ വലിയ പങ്ക് വഹിക്കും: മുഖ്യമന്ത്രി
11:50 PM Sep 20, 2022 | Deepika.com