നികുതിലോകം/ ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത എല്ലാ നികുതിദായകരുടെയും 2021-22 സാന്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ ഫയൽ ചെയ്യുന്നതിനുള്ള അവസാനതീയതി 2022 ജൂലൈ 31 ആയിരുന്നു.
നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്കുവ്യാപാരസ്ഥാപനങ്ങളാണ് അവയെങ്കിൽ അവയും അവയുടെ പങ്കുകാരും കന്പനികളും റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് ഒക്ടോബർ 31 വരെ സമയം ഉണ്ട്. 5 ലക്ഷം രൂപയിൽ കൂടുതൽ നികുതിക്ക് മുന്‍പുള്ള വരുമാനം ഉണ്ടെങ്കിൽ 5000 രൂപയാണ് പിഴയടക്കേണ്ടത്.
എന്നാൽ നികുതിക്ക് വിധേയമായ തുക 500000/- രൂപയിൽ താഴെ ആണ് വരുന്നതെങ്കിൽ പിഴ തുക 1000/- രൂപയായി ലിമിറ്റ് ചെയ്തിട്ടുണ്ട്. 2,50000 രൂപയിൽ താഴെയാണ് റിട്ടേണിലെ തുകയെങ്കിൽ പിഴ തുക ബാധകമല്ല.
നിർദ്ദിഷ്ട തീയതിക്കകം ഫയൽ ചെയ്യാത്ത റിട്ടേണുകളെ ബിലേറ്റഡ് റിട്ടേണുകൾ എന്നാണ് പറയുന്നത്. 2022 ഡിസംബർ 31 ന് ശേഷം 2021-22 ലെ റിട്ടേണുകൾ ഫയൽ ചെയ്യുവാൻ സാധിക്കില്ല. (എന്നാൽ തക്കതായ കാരണങ്ങളാലാണ് റിട്ടേണുകൾ ഫയൽ ചെയ്യുവാൻ സാധിക്കാത്തത് എങ്കിൽ കമ്മീഷണർ മുന്‍പാകെ ആദായനികുതി നിയമം 119 (1) ബി വകുപ്പനുസരിച്ച് അപേക്ഷ സമർപ്പിച്ചാൽ താമസം ക്ഷമിച്ച് തരുവാൻ സാധ്യതയുണ്ട്. പക്ഷേ നടപടിക്രമങ്ങൾ ദീർഘമായതായിരിക്കും.)
എന്നാൽ 139(8എ) അനുസരിച്ച് അധികനികുതി അടച്ച് അപ്ഡേറ്റഡ് റിട്ടേണ്‍ ഫയൽ ചെയ്യുവാൻ സാധിക്കുമോ എന്നുകൂടി പരിശോധിക്കണം. അപ്ഡേറ്റഡ് റിട്ടേണുകൾ ചില നിബന്ധനകൾക്ക് വിധേയമായി മാത്രം ഫയൽ ചെയ്യാവുന്നതാണ്. നികുതി അടച്ച് റിട്ടേണ്‍ ഫയൽ ചെയ്യുവാൻ ഉണ്ടെങ്കിൽ ഈ സ്കീം തെരഞ്ഞെടുക്കാം.
2016-17 സാന്പത്തികവർഷത്തിന് മുന്‍പുവരെ റിട്ടേണുകൾ നിർദ്ദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്തിരുന്നില്ല എങ്കിൽ അവയിൽ ഏതെങ്കിലും വിധത്തിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിരുന്നുവെങ്കിൽ അവ പുതുക്കി നൽകുവാൻ സാധിക്കില്ലായിരുന്നു. എന്നാൽ അതിന് ശേഷം റിട്ടേണുകളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന് പിന്നീട് മനസിലായാൽ അവ പുതുക്കി നൽകുവാൻ ഡിസംബർ 31 വരെ അവസരം ഉണ്ട്.
എന്നാൽ നിർദ്ദിഷ്ട തീയതിക്കുള്ളിൽ റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ ബിസിനസിൽ നഷ്ടം ഉണ്ടായാൽ അവ അടുത്തവർഷത്തേക്ക് ക്യാരിഫോർവേഡ് ചെയ്ത് കിട്ടില്ല. മൂലധനനഷ്ടവും മറ്റു വരുമാനമാർഗ്ഗങ്ങളിലുളള നഷ്ടവും ക്യാരിഫോർവേർഡ് ചെയ്യുവാൻ സാധിക്കില്ല. പ്രോപ്പർട്ടിയിൽ ഉണ്ടായ നഷ്ടം ക്യാരിഫോർവേർഡ് ചെയ്യുവാൻ സാധിക്കും.
ആദായനികുതി വകുപ്പിൽ നിന്നുള്ള കംപ്ലെയിൻസ് നോട്ടീസ് ലഭിച്ചാൽ
നികുതിക്ക് വിധേയമായ വരുമാനം ഉള്ള എല്ലാ നികുതിദായകർക്കും ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുവാൻ ബാധ്യതയുണ്ട്. എന്നാൽ നിങ്ങൾക്ക് നികുതിക്ക് വിധേയമായ വരുമാനം ഇല്ലെങ്കിൽ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യേണ്ട ആവശ്യം ഉണ്ടാകുന്നില്ല. എന്നിരുന്നാലും നിങ്ങൾ എന്തുകൊണ്ട് ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്തില്ല എന്ന ചോദ്യം ചോദിച്ചുകൊണ്ടുള്ള നോട്ടീസ് ലഭിച്ചെന്നു വരാം. അങ്ങനെ നോട്ടീസ് ലഭിക്കേണ്ട കാരണങ്ങളും അനുവർത്തിക്കേണ്ട നയങ്ങളുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ആദായനികുതി വകുപ്പിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓഫീസിലെ ഉദ്യോഗസ്ഥർ നിങ്ങൾക്ക് നികുതിക്ക് വിധേയമാകേണ്ട വരുമാനം ഉണ്ടോ എന്ന് വ്യക്തമാക്കാനാണ് നോട്ടീസുകൾ അയക്കുന്നത്. ആദായനികുതി ഡിപ്പാർട്ട്മെന്റ് നികുതി ദായകരുടെ വിവരങ്ങൾ പല സ്ഥലങ്ങളിൽ നിന്നും പല വിധത്തിൽ ശേഖരിക്കുന്നുണ്ട്. അങ്ങനെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിങ്ങൾക്ക് നോട്ടീസ് അയക്കുന്നത്. നോട്ടീസിന് ഓണ്‍ലൈനായി തന്നെ മറുപടി അയക്കാവുന്നതാണ്.
ആദായനികുതിയുടെ വെബ്സൈറ്റിൽ നിങ്ങളുടെ അക്കൗണ്ട് എടുത്തിട്ട് അതിൽ കംപ്ലയിൻസ് ടാബിൽ ക്ലിക്ക് ചെയ്താൽ ഉത്തരം പറയേണ്ട ചോദ്യങ്ങൾ പ്രത്യക്ഷപ്പെടും.
ജൂലൈ 31 ന് മുന്‍പ് ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്തില്ലേ? പിഴയടച്ച് ഡിസംബർ 31 വരെ ഫയൽ ചെയ്യാം
11:33 PM Aug 14, 2022 | Deepika.com