തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പ് പുറത്തിറക്കുന്ന ലക്കി ബിൽ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം 16നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനാകും.
പൊതുജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ നേരിട്ടു വകുപ്പിനു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ലക്കി ബിൽ ആപ്പ് പുറത്തിറക്കുന്നത്. ജനങ്ങൾ നൽകുന്ന നികുതി പൂർണമായും സർക്കാരിലേക്ക് എത്തുന്നതോടെ സർക്കാരിന്റെ നികുതി വരുമാനത്തിൽ ഗണ്യമായ വർധന ഉണ്ടാകും.
ലക്കി ബിൽ ആപ്പിൽ അപ്ലോഡ് ചെയ്യപ്പെടുന്ന ബില്ലുകൾക്ക് നറുക്കെടുപ്പിലൂടെ പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾ കൂടാതെ ബന്പർ സമ്മാനവും നൽകും. പ്രതിദിന നറുക്കെടുപ്പിലൂടെ കുടുംബശ്രീ നൽകുന്ന 1000 രൂപ വിലവരുന്ന ഗിഫ്റ്റ് പാക്കറ്റ് 25 പേർക്കും വനശ്രീ നൽകുന്ന 1000 രൂപ വില വരുന്ന സമ്മാനങ്ങൾ 25 പേർക്കും ലഭിക്കും.
പ്രതിവാര നറുക്കെടുപ്പിലൂടെ കെടിഡിസിയുടെ മൂന്നു പകൽ/ രണ്ടു രാത്രി വരുന്ന സൗജന്യ ഫാമിലി താമസസൗകര്യം 25 പേർക്ക് ലഭിക്കും. പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന ആൾക്ക് 10 ലക്ഷം രൂപയും രണ്ടാം സമ്മാനം രണ്ടു ലക്ഷം വീതം അഞ്ചു പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം അഞ്ചു പേർക്കും ലഭിക്കും. ബന്പർ സമ്മാന വിജയിക്ക് 25 ലക്ഷം രൂപയും ലഭിക്കും. പ്രതിവർഷം അഞ്ചു കോടി രൂപയുടെ സമ്മാനങ്ങളാണ് ലക്കി ബില്ല് ആപ്പ് ഉപയോക്താക്കൾക്കു ലഭിക്കുന്നത്.
ലക്കി ബിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സംസ്ഥാന ചരക്ക് സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in ൽ നിന്നും ഇൻസ്റ്റാൾ ചെയ്യാം. തുടർന്ന് പേര്, വിലാസം, മൊബൈൽ നന്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം.
ജിഎസ്ടി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ്പ് ഉദ്ഘാടനം 16ന്
12:16 AM Aug 12, 2022 | Deepika.com